പൂജ ഖേദ്കറുടെ എം.ബി.ബി.എസ് പഠനവും അന്വേഷണത്തിലേക്ക്; പഠനം പട്ടികവർഗ സംവരണ സീറ്റിൽ
text_fieldsന്യൂഡൽഹി: വ്യാജരേഖ ചമച്ച് സിവിൽ സർവീസ് പരീക്ഷയിൽ തട്ടിപ്പ് നടത്തിയതിന് നടപടി നേരിടുന്ന പ്രൊബേഷനറി ഐ.എ.എസ് ഓഫിസർ പൂജ ഖേദ്കറുടെ എം.ബി.ബി.എസ് പഠനവും സംശയ നിഴലിൽ. പട്ടികവർഗ സംവരണ സീറ്റിലാണ് പൂജ എം.ബി.ബി.എസ് പഠിച്ചതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
പുണെയിലെ ശ്രീമതി കാശിഭായ് നവാലെ മെഡിക്കൽ കോളജിൽ ഗോത്രവിഭാഗമായ 'നോമാഡിക് ട്രൈബ്-3 ' വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലാണ് പൂജ എം.ബി.ബി.എസ് പഠനം നടത്തിയതെന്നാണ് റിപ്പോർട്ട്. പൂജ എങ്ങനെയാണ് സംവരണ സീറ്റിൽ പ്രവേശനം നേടിയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. നേരത്തെ യു.പി.എസ്.സി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് കേസെടുത്തിരുന്നു.
സിവിൽ സർവീസ് പരീക്ഷക്കുള്ള അപേക്ഷയിൽ തട്ടിപ്പ് നടത്തിയതിനും കാഴ്ച പരിമിതിയുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനും പൂജയ്ക്കെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരവും പൂജയ്ക്കെതിരെ കേസുണ്ട്. മാതാപിതാക്കളായ ദിലീപും മനോരമ ഖേദ്കറും വേർപിരിഞ്ഞതായി കാണിച്ച ശേഷം വ്യാജ വരുമാന സർട്ടിഫിക്കറ്റാണ് പൂജ യു.പി.എസ്.സി പരീക്ഷയ്ക്കായി നേരത്തെ സമർപ്പിച്ചിരുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പഴ്സനൽ ആൻഡ് ട്രെയിനിങ് വകുപ്പ് പൂജക്കെതിരായ വിവിധ ആരോപണങ്ങൾ അന്വേഷിക്കുകയാണെന്നും ഇതു സംബന്ധിച്ച് രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞാൽ പൂജയുടെ ഐ.എ.എസ് റദ്ദാക്കുകയും ഭാവിയിൽ കമീഷന്‍റെ പരീക്ഷകളിൽനിന്ന് വിലക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.