ബി.ജെ.പിക്കെതിരെ ആരോപണം: കെജ്രിവാളിന്റെ വസതിയിൽ വീണ്ടും ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി പാർട്ടി എം.എൽ.എമാരെ ബി.ജെ.പി പണം നൽകി വിലക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിൽ അന്വേഷണവുമായി സഹകരിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും നോട്ടീസ് നൽകി ഡൽഹി ക്രൈംബ്രാഞ്ച്. കെജ്രിവാളിന്റെ ആരോപണത്തിനെതിരെ ഡല്‍ഹി ബി.ജെ.പി നേതൃത്വം നൽകിയ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കഴിഞ്ഞ ദിവസവും ഡല്‍ഹി ക്രൈംബ്രാഞ്ച് കെജ്രിവാളിന്റെ വീട്ടിലെത്തി. എന്നാല്‍, നോട്ടീസ് കൈപ്പറ്റാന്‍ വീട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ തയാറായിരുന്നില്ല. തുടർന്നാണ് സംഘം ശനിയാഴ്ച വീണ്ടും കെജ്രിവാളിന്റെ വസതിയിലെത്തിയത്. ആം ആദ്മി പാർട്ടിയുടെ ഏഴ് എം.എൽ.എമാരെ സമീപിച്ച് 25 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാനാണ് ബി.ജെ.പി നീക്കമെന്നുമായിരുന്നു കെജ്രിവാളിന്റെ ആരോപണം. രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി പൊലീസ് നാടകം കളിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് നടപടിയെ കെജ്രിവാൾ വിമർശിച്ചു.
ക്രൈംബ്രാഞ്ച് നോട്ടീസ് കൈപ്പറ്റാൻ കെജ്രിവാൾ തയറാകുന്നില്ലെന്ന് ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി. നുണപറയാനും എന്നിട്ട് അന്വേഷണത്തില്‍നിന്ന് ഓടിയൊളിക്കാനും മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.