ഗ്രെറ്റ പങ്കുെവച്ച ടൂൾകിറ്റിന് പിന്നിലുള്ളവരുടെ വിവരങ്ങൾ വേണം; ടെക് ഭീമൻമാരെ സമീപിച്ച് ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: കർഷക സമരങ്ങളുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് പങ്കുവെച്ച ടൂൾകിറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് ഗൂഗിൾ അടക്കമുള്ള ടെക് ഭീമൻമാരെ സമീപിച്ചു.
പ്രതിഷേധ പരിപാടികൾ തയാറാക്കിയ അക്കൗണ്ടിന്‍റെ ഉടമകളുമായി ബന്ധപ്പെട്ട ചില ഇ-മെയിൽ ഐ.ഡികൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയുടെ വിശദാംശങ്ങളാണ് പൊലീസ് അരാഞ്ഞത്.
ഡൽഹി പൊലീസിന്‍റെ ൈസബർ സെൽ യൂനിറ്റിലെ ഡി.സി.പിയായ അന്വേഷ് റോയ്യാണ് അക്കൗണ്ടുകൾ ഉണ്ടാക്കി ടൂൾകിറ്റിൽ ഇത്തരം വിവരങ്ങൾ ഉൾകൊള്ളിച്ച് അപ്ലോഡ് ചെയ്തവരെ കണ്ടെത്താൻ സഹായിക്കാൻ ആവശ്യപ്പെട്ട് ഗൂഗിളിനും മറ്റ് കമ്പനികൾക്കും കത്ത് എഴുതിയത്.
കമ്പനികളുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും അതിന് ശേഷം അന്വേഷണം വ്യാപിപ്പിക്കുമെന്നും റോയ് പറഞ്ഞു. കമ്പനികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വെച്ച് ടൂൾകിറ്റ് ആരാണ് നിർമിച്ചതെന്നും ആരാണ് അത് പങ്കുവെച്ചതെന്നും അറിയാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
നേരത്തെ കർഷക സമരത്തെ പിന്തുണച്ചതിന്‍റെ പേരിൽ ഗ്രെറ്റക്കെതിരെ കേസെടുത്തില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. കേസെടുത്തത് ഗ്രെറ്റക്കെതിരെ അല്ലെന്നും അവർ ട്വീറ്റിൽ പങ്കുവച്ച ടൂൾകിറ്റിന് ഖാലിസ്ഥാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കേസെടുത്തതെന്നും പൊലീസ് പറയുന്നു.
ഗ്രെറ്റ പങ്കുവച്ച ടൂൾകിറ്റിൽ പരാമർശിക്കുന്ന ചില സോഷ്യൽമീഡിയ അകൗണ്ടുകൾ രാജ്യത്തിനെതിരേ പ്രവർത്തിച്ചെന്നും പൊലീസ് പറയുന്നു. 18 കാരിയായ ഗ്രെറ്റ തുൻബെർഗിനെ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് എഫ്‌ഐആറിൽ ആരുടേയും പേരില്ല എന്നും കേസെടുത്തത് ടൂൾകിറ്റിന്‍റെ സ്രഷ്ടാക്കൾക്കെതിരേ ആണെന്നും പൊലീസ് പറയുന്നു.
എന്താണീ 'ടൂൾ കിറ്റ്'
ഇന്ത്യയിൽ നടക്കുന്ന കർഷകപ്രക്ഷോഭത്തെ കുറിച്ച് മനസിലാക്കുന്നതിനും ആളുകളെ സംഘടിപ്പിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ ഗൂഗ്ൾ രേഖയാണ് ടൂൾ കിറ്റ്. അതിൽ കാർഷിക നിയമങ്ങൾ സംബന്ധിച്ചും അതിനെതിരേ കർഷകർ ഉന്നയിക്കുന്ന വിയോജിപ്പുകൾ സംബന്ധിച്ചും പരാമർശങ്ങളുണ്ട്.
കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന പ്രമുഖ സംഘടനകൾ, പ്രക്ഷോഭത്തിന്‍റെ വിവരങ്ങൾ പങ്കുവയ്ക്കുന്ന സോഷ്യൽമീഡിയ അകൗണ്ടുകൾ, പ്രക്ഷോഭത്തിലെ പ്രമുഖ ഹാഷ്ടാഗുകൾ എന്നിവയും കിറ്റിൽ പരാമർശിച്ചിട്ടുണ്ട്. യു.എൻ ഉൾപ്പെടുന്ന ലോകത്തിലെ വിവിധ കൂട്ടായ്മകൾക്ക് പ്രക്ഷോഭം സംബന്ധിച്ച് നിവേദനങ്ങളും പരാതികളും നൽകേണ്ടവിധവും ടൂൾ കിറ്റിൽ വിവരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.