ഡൽഹിയിൽ ‘കുരിശിന്റെ വഴി’ തടഞ്ഞതിൽ നിരാശയുണ്ടെന്ന് അതിരൂപത; മതസ്വാതന്ത്ര്യത്തിന് എതിരായ ആക്രമണമെന്ന് അമിത് ഷായോട് കോൺഗ്രസ്, രാഷ്ട്രീയമായി കാണേണ്ടെന്ന് രാജീവ് ചന്ദ്രശേഖരൻ
text_fieldsന്യൂഡൽഹി: ഓശാന ഞായറാഴ്ച നടത്താറുണ്ടായിരുന്ന ‘കുരിശിന്റെ വഴി’ ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത് പ്രതിപക്ഷം ഏറ്റെടുത്തതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ. ഡല്‍ഹി പൊലീസ് നടപടി ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും ഇതിനിടയാക്കിയ സാഹചര്യം അന്വേഷിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് അയച്ച കത്തിൽ എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
നിശ്ചയിച്ചതുപോലെ കുരിശിന്റെ വഴി നടത്താൻ സാധിക്കാത്തതിൽ നിരാശയുണ്ടെന്ന് ഡൽഹി അതിരൂപത മെത്രാപ്പോലീത്ത അനിൽ ജോസഫ് തോമസ് ക്യൂട്ടോ പറഞ്ഞു. പൊലീസ് നടപടി രാജ്യത്ത് ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഡയോസിസ് കാത്തലിക് അസോസിയേഷൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ ആരോപിച്ചു.
ഒടുവിൽ കേന്ദ്ര ന്യൂനപക്ഷ സഹ മന്ത്രി ജോർജ് കുര്യൻ വിശദീകരണവുമായി രംഗത്തുവന്നെങ്കിലും ക്രിസ്തീയ സഭയും വൈദികരും ന്യായീകരണം തള്ളി. വർഷം തോറും ഡൽഹി അതിരൂപതയുടെ നേതൃത്വത്തിൽ ഓശാന ഞായറാഴ്ച നടത്താറുണ്ടായിരുന്ന കുരിശിന്റെ വഴിക്ക് സുരക്ഷ കാരണങ്ങളും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘ്പരിവാര്‍ അജണ്ടയാണ് ഈ നടപടിയെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. മുസ്‍ലിംകള്‍ക്ക് പിന്നാലെ ക്രൈസ്തവര്‍ക്ക് എതിരെ തിരിയുമെന്ന് കോൺഗ്രസ് ആദ്യമേ വ്യക്തമാക്കിയതാണ്. ക്യാപ്‌സൂളുകളായി ക്രൈസ്തവ സ്‌നേഹം വിളമ്പുന്ന സംഘ് പരിവാറിന്റെ തനിനിറം ഇതിലൂടെ വ്യക്തമായി. പ്രദക്ഷിണം തടയാനുള്ള ചേതോവികാരം മനസ്സിന്റെ വൈകല്യമാണെന്നും വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ വർഷവും അനുമതി നിഷേധിച്ചിരുന്നുവെങ്കിലും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് നിലനിന്നിരുന്ന സുരക്ഷാ നടപടികളാണ് കാരണമായി പറഞ്ഞിരുന്നത്. എന്നാൽ, ഇത്തവണ അത്തരത്തിൽ പ്രത്യേക സാഹചര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. സുരക്ഷാ ഭീഷണികൊണ്ടാണ് അനുമതി നിഷേധിച്ചതെന്നും രാഷ്ട്രീയമായി കാേണണ്ടെന്നുമാണ് കേരളത്തിലെ പുതിയ ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പ്രതികരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.