വിഷപ്പുകയിൽ മുങ്ങി ഡൽഹി; പ്രൈമറി സ്കൂളുകൾ അടച്ചു, ഇന്ന് മുതൽ കർശന നിയന്ത്രണം
text_fieldsന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും രാജ്യതലസ്ഥാനത്തെ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ഡൽഹിയിൽ മിക്കയിടത്തും വായു ഗുണനിലവാര സൂചിക 400 കടന്നു. നഗരത്തിൽ പുകമഞ്ഞ് വ്യാപകമായതിനെ തുടർന്ന് ഗതാഗതത്തിനും വിമാന സർവീസുകൾക്കും തടസം നേരിടുന്നുണ്ട്. ഡൽഹി ഉൾപ്പെടെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങൾക്കു മുകളിൽ രൂപപ്പെട്ട പുകമഞ്ഞ് അന്തരീക്ഷ താപനില കുറക്കുക കൂടി ചെയ്തതോടെ വായു ഗുണനിലവാരം വീണ്ടും കുറയുകയായിരുന്നു.
മലിനീകരണത്തോത് കുറക്കാനായി ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ എന്ന കർമപദ്ധതി മൂന്നാം ഘട്ടത്തിലേക്ക് ഉയർത്തി. ഇതോടെ പ്രൈമറി സ്കൂളുകൾ അടക്കും. കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് മാത്രമാകും ലഭ്യമാക്കുക. വായുഗുണനിലവാരം മെച്ചപ്പെടുന്ന മുറക്ക് മാത്രമേ തിരികെ സ്കൂളുകൾ തുറക്കുകയുള്ളൂ. ഇലക്ട്രിക്, സി.എൻ.ജി വാഹനങ്ങൾ മാത്രമേ പൊതുഗതാഗതത്തിന് അനുവദിക്കുകയുള്ളൂ. ബി.എസ് 4ന് താഴെയുള്ള ഡീസൽ വാഹനങ്ങൾ ഡൽഹിയിലെ നിരത്തിൽ പ്രവേശിക്കാൻ അനുമതിയില്ല. മലിനീകരണത്തിന് സാധ്യതയുള്ള നിർമാണ പ്രവൃത്തികൾ ഉൾപ്പെടെ നിർത്തിവെക്കാൻ നിർദേശമുണ്ട്.
ഡൽഹിക്ക് പുറമെ സമീപ പ്രദേശങ്ങളായ ഗുരുഗ്രാം, ഫരീദബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധനഗർ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്. വാഹനങ്ങളിൽനിന്നുള്ള പുക, കൃഷിയിടങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുക എന്നിവക്ക് പുറമെ കാറ്റിന്റെ വേഗത കുറഞ്ഞതും ഡൽഹിയിലെ മലിനീകരണം രൂക്ഷമാകാൻ കാരണമായെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.