വായു മലിനീകരണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഡൽഹി സർക്കാർ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ മലിനീകരണം കൂട്ടാൻ ഇടയാക്കുന്ന വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഡൽഹി സർക്കാറിന്‍റെ വിലക്ക്. നിരോധനം ലംഘിച്ച് വാഹനങ്ങൾ നിരത്തിലറക്കിയാൽ 20,000 രൂപ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
വായു മലിനീകരണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡൽഹിയിലെ ആം ആദ്മി സർക്കാർ രംഗത്തെത്തി. പഞ്ചാബിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം വർധിക്കുന്നതിന് പ്രധാന കാരണം. ഫലപ്രദമായി ഇതിനെ പ്രതിരോധിക്കാൻ എ.എ.പി നേതൃത്വം നൽകുന്ന പഞ്ചാബ് സർക്കാറിന് സാധിച്ചിട്ടില്ലെന്നും സർക്കാർ പ്രസ്താവനയിൽ പറയുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ റിപ്പോർട്ട് അനുസരിച്ച് ഡൽഹിയിലെ വായു ഗുണനിലവാരം രണ്ടാം ദിവസവും വളരെ ഗുരുതരമായാണ് തുടരുന്നത്. മലിനീകരണത്തിന്‍റെ 30 ശതമാനവും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് മൂലമാണെന്നാണ് റിപ്പോർട്ട്.
മലിനീകരണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ഡീസലിൽ ഓടുന്ന വാണിജ്യ വാഹനങ്ങളുടെയും ട്രക്കുകളുടെയും പ്രവേശനം നിരോധിച്ച് കൊണ്ട് വെള്ളിയാഴ്ച സർക്കാർ ഉത്തരവിറക്കി. എന്നാൽ അവശ്യ വസ്തുക്കളുമായി വരുന്ന സി.എൻ.ജിയിലും ഇലക്ട്രിക് ട്രക്കുകളിലും ഓടുന്ന എല്ലാ വാഹനങ്ങളും ഡൽഹിയിൽ ഓടാൻ അനുവദിക്കുമെന്നും സർക്കാർ ഉത്തരവിൽ കൂട്ടിച്ചേർത്തു. നിയന്ത്രണങ്ങൾ ലംഘിച്ചാൽ മോട്ടോർ വാഹന നിയമപ്രകാരം 20,000 രൂപ പിഴ ഈടാക്കും. യാത്രക്കാരുടെ സൗകര്യാർഥം പൊതുഗതാഗത സേവനങ്ങൾ വർധിപ്പിക്കും. 60 ദിവസത്തേക്ക് ഡി.ടി.സി വഴി 1,000 സ്വകാര്യ സി.എൻ.ജി ബസുകൾ ഇതിനായി വാടകക്കെടുക്കുമെന്ന് ഗതാഗത വകുപ്പിന്‍റെ പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.