കെജ്രിവാളിന്റെ അഭ്യർഥന തള്ളി ഡൽഹി-പഞ്ചാബ് കോൺഗ്രസ്
text_fieldsന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായി ഒരു തരത്തിലുള്ള സഖ്യവും ഉണ്ടാക്കരുതെന്നും ഡൽഹി സർക്കാറിന് സുപ്രീംകോടതി നൽകിയ അധികാരം പിടിച്ചെടുത്ത കേന്ദ്ര ഓർഡിനൻസിനെതിരിലും ആപ്പിന് പിന്തുണ നൽകരുതെന്നും ഡൽഹി, പഞ്ചാബ് കോൺഗ്രസ് നേതാക്കൾ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
തങ്ങളുടെ അഭിപ്രായം കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ശക്തമായി അവതരിപ്പിച്ച ഇരു സംസ്ഥാനങ്ങളിലെയും കോൺഗ്രസ് നേതാക്കൾ കേന്ദ്ര ഓർഡിനൻസിനെതിരെ രാജ്യസഭയിൽ വോട്ടുചെയ്യണമെന്ന ആപ്പിന്റെ അപേക്ഷയിൽ അന്തിമ തീരുമാനം ഹൈകമാൻഡിന് വിട്ടു.
ബി.ജെ.പിക്കെതിരെ പരമാവധി പ്രതിപക്ഷ കക്ഷികളെ യോജിപ്പിച്ച് നിർത്തി 2024നെ നേരിടാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ജനതാദൾ യു നേതാവ് നിതീഷ് കുമാറും ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് കേന്ദ്ര ഓർഡിനൻസിനെതിരെ ആപ് തേടിയ പിന്തുണ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുന്നത്.
ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ കേന്ദ്ര ഓർഡിനൻസിനെതിരെ പിന്തുണ തേടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഇക്കാര്യം കെജ്രിവാൾ ട്വീറ്റ് ചെയ്തത്. എന്നാൽ, പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുമായി ചർച്ചചെയ്ത ശേഷമേ മറുപടി നൽകാനാവൂ എന്ന മറുപടിയാണ് ഖാർഗെ കെജ്രിവാളിന് നൽകിയത്.
ഇതേ തുടർന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഡൽഹിയുടെ ചുമതലയുള്ള ശക്തി സിങ് ഗോഹിൽ എന്നിവർ ഡൽഹി പ്രദേശ് കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, അരവിന്ദർ ലവ്ലി, ഹാറൂൺ യൂസുഫ്, ചൗധരി അനിൽ കുമാർ എന്നിവരുമായും പഞ്ചാബ് പി.സി.സി പ്രസിഡൻറ് അമരീന്ദർ സിങ് രാജ, മുൻ പി.സി.സി പ്രസിഡന്റ് നവ്ജ്യോത് സിങ് സിദ്ദു എന്നിവരെ കോൺഗ്രസ് ആസ്ഥാനത്തേക്ക് വെവ്വേറെ ചർച്ചക്ക് വിളിച്ചത്.
ഈ ചർച്ചയിലാണ് ആപ്പിനും കെജ്രിവാളിനുമെതിരെ ഡൽഹി, പഞ്ചാബ് കോൺഗ്രസ് നേതാക്കൾ ഒരു രഞ്ജിപ്പിനും ഒരുക്കമല്ലെന്ന് അറിയിച്ചത്. രാഹുൽ ഗാന്ധിയുടെ അയോഗ്യതക്കെതിരെ ശക്തമായ നിലപാട് എടുത്ത ആപ് അതിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ നടന്ന പാർലമെന്റിലെ പ്രതിഷേധത്തിലും പങ്കെടുത്തിരുന്നു.
അദാനി-ഹിൻഡൻബർഗ് വിവാദത്തിൽ സംയുക്ത പാർലമെന്റ് സമിതി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഐക്യപ്രതിപക്ഷം നടത്തിയ സമരത്തിൽ ആപ് സജീവമായിരുന്നു. ഇതിന് സമാനമായ പിന്തുണയാണ് കേന്ദ്ര ഓർഡിനൻസിന്റെ കാര്യത്തിൽ കെജ്രിവാൾ ഖാർഗെയോടും രാഹുലിനോടും തേടിയത്.
കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് എത്തിക്കാൻ അഖിലേന്ത്യ തലത്തിൽ കോൺഗ്രസ് നേതൃത്വം പരിശ്രമിക്കുന്നതിനിടയിൽ കൂടിയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.