ലോകം ഇന്ത്യയിലേക്ക്; ജി20 ഉച്ചകോടിക്ക് ഒരുങ്ങി ഡൽഹി
text_fieldsന്യൂഡൽഹി: ലോകത്ത് വ്യാവസായികമായി വികസിച്ചതും പുരോഗതിയിലേക്ക് ഉയരുന്നതുമായ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി20യുടെ സുപ്രധാന ഉച്ചകോടിക്ക് ഒരുങ്ങി രാജ്യതലസ്ഥാനം.
ശനി, ഞായർ ദിവസങ്ങളിലാണ് ലോകം ഇന്ത്യയിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്ന ഉച്ചകോടി. ഇന്ത്യ അധ്യക്ഷപദവി വഹിക്കുന്ന കൂട്ടായ്മയുടെ സമ്മേളനത്തിന് വേദിയാകുന്നത് പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപം എക്സിബിഷൻ കം കൺവെൻഷൻ സെന്ററാണ്.
ദക്ഷിണേഷ്യയിൽതന്നെ ആദ്യമായി നടക്കുന്ന ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. യു.എസ്.എ, യു.കെ, ചൈന, റഷ്യ, ഇന്ത്യ തുടങ്ങി 19 രാജ്യങ്ങളും യൂറോപ്യൻ യൂനിയനുമടങ്ങുന്നതാണ് കൂട്ടായ്മ. അംഗരാഷ്ട്രങ്ങളുടെ തലവന്മാരിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമൊഴികെയുള്ളവർ ഡൽഹിയിലെത്തും. പ്രധാനമന്ത്രി ലി ചിയാങ് ചൈനയെയും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് റഷ്യയെയും പ്രതിനിധാനംചെയ്യും യു.എസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും എത്തുന്നുണ്ട്.
അംഗരാജ്യങ്ങൾക്ക് പുറമേ, യു.എ.ഇ, ഈജിപ്ത്, സിംഗപ്പൂർ തുടങ്ങിയ ഒമ്പത് രാജ്യങ്ങളിലെ തലവന്മാർ പ്രത്യേക ക്ഷണിതാക്കളാണ്. ഐക്യരാഷ്ട്ര സഭ, ഐ.എം.എഫ്, ലോകബാങ്ക്, ലോക തൊഴിലാളി സംഘടന, എ.ഡി.ബി, ആസിയാൻ തുടങ്ങിയ രാജ്യാന്തര സംഘടനകളുടെ പ്രതിനിധികളുമെത്തും. കഴിഞ്ഞ ഒരു വർഷമായി അധ്യക്ഷപദവിയിലുള്ള ഇന്ത്യ കേരളത്തിലടക്കം വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സമ്മേളനങ്ങൾ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.