ഡൽഹിയിൽ കനത്ത മഴ; 24 മണിക്കൂറിനിടെ പെയ്തത് 228.1 മില്ലിമീറ്റർ
text_fieldsന്യൂഡൽഹി: ഉഷ്ണതരംഗത്തിനു പിന്നാലെ രാജ്യതലസ്ഥാനത്തെ മുക്കി കനത്ത മഴ. കഴിഞ്ഞ 24 മണിക്കൂറിനിടെ 228.1 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ പെയ്തത്. നിരവധിയിടത്ത് റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി. വെളുപ്പിന് 2.30 മുതൽ 5.30 വരെ മാത്രം 150 മില്ലിമീറ്റർ മഴ പെയ്തു. 1936 ജൂൺ 28ന് പെയ്ത 235.5 മില്ലിമീറ്റർ മഴയാണ് ജൂണിലെ ഏറ്റവുമുയർന്ന മഴ.
മിന്‍റോ റോഡിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ വെള്ളത്തിനടിയിലായി. ആസാദ് മാർക്കറ്റ് അണ്ടർപാസിൽ ട്രക്കുകൾ ഉൾപ്പെടെ മുങ്ങി. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയത് സർവീസുകളെ ബാധിച്ചിട്ടുണ്ട്. കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹിയിൽ അടുത്ത ഏഴ് ദിവസത്തേക്ക് കൂടി മഴ മുന്നറിയിപ്പുണ്ട്.
വാഹനങ്ങൾ വെള്ളത്തിൽ മുങ്ങിയതിന്‍റെയും ഗതാഗതക്കുരുക്കിന്‍റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വസന്ത് വിഹാറിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ഭാഗമായ മതിൽ ഇടിഞ്ഞ് മൂന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു. എൻ.ഡി.ആർ.എഫും അഗ്നിശമന സേനയും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.