ഡൽഹിയിൽ ഡിപ്പാർട്മെന്റ് സെക്രട്ടറിയെ നീക്കി; കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി കെജ്രിവാൾ
text_fieldsന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ഉദ്യോഗസ്ഥരിലെ നിയന്ത്രണാധികാരം ഡൽഹി സർക്കാറിനാണെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിനു പിന്നാലെ സർവീസസ് ഡിപ്പാർട്ട്മെന്റിലെ സെക്രട്ടറിയെ പദവിയിൽ നിന്ന് നീക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ആശിഷ് മോറിനെയാണ് വ്യാഴാഴ്ച വൈകീട്ട് തന്നെ പദവിയിൽ നിന്ന് ഒഴിവാക്കിയത്. ഉദ്യോഗസ്ഥ തലത്തിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും ഇത് അതിന്റെ തുടക്കം മാത്രമാണെന്നും കെജ്രിവാൾ മുന്നറിയിപ്പ് നൽകി.
സുപ്രീംകോടതി ഉത്തരവ് വന്നതിനു തൊട്ടു പിന്നാലെ, പൊതു ജോലികൾക്ക് തടസം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കെജ്രിവാൾ സൂചന നൽകിയിരുന്നു. നിരീക്ഷണ സംവിധാനം ഇപ്പോൾ ഞങ്ങൾക്കൊപ്പമാണ്. കൃത്യമായി ജോലി ചെയ്യാത്തവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകും. -മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
‘തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും നിയമിക്കാനുമുള്ള അധികാരമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്റെ നിയന്ത്രണത്തിലാണ് ഉദ്യോഗസ്ഥർ ജോലി ചെയ്യേണ്ടത്’ - എന്ന് ആം ആദ്മി പാർട്ടി ട്വീറ്റ് ചെയ്തു.
തനിക്ക് ഒരു പ്യൂണിനെ പോലും നിയമിക്കാനോ സ്ഥലം മാറ്റാനോ സാധിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ നിയന്ത്രണം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനായതിനാൽ ആരും ഡൽഹി സർക്കാറിന്റെ ഉത്തരവുകൾ അനുസരിക്കുന്നില്ലെന്നും കെജ്രിവാൾ നിരന്തരം പരാതിപ്പെട്ടിരുന്നു.
വ്യാഴാഴ്ച വന്ന സുപ്രീംകോടതി ഉത്തരവാണ് കേന്ദ്രത്തിന്റെയും ഡൽഹിയുടെയും അധികാരത്തർക്കത്തിന് പരിഹാരം കണ്ടത്. പൊലീസ്, റവന്യൂ, ക്രമസമാധാനം എന്നിവ ഒഴികെയുള്ള എല്ലാ മേഖലകളിലും ഡൽഹി സർക്കാറിന് തന്നെയാണ് അധികാരമെന്നും ഉദ്യോഗസ്ഥർക്ക് മേൽ നിയന്ത്രണമില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് ഭരണ നിർവ്വഹണം സാധ്യമല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.