ഡൽഹി സർക്കാറിന്‍റെ ആശുപത്രികൾ ഇനി ഡൽഹിക്കാർക്ക് മാത്രം; അതിർത്തികൾ തുറക്കും -കെജ്രിവാൾ
text_fieldsന്യൂഡൽഹി: സംസ്ഥാന സർക്കാറിന്‍റെ ആശുപത്രികൾ ഇനി ഡൽഹി നിവാസികൾക്ക് മാത്രമായിരിക്കുമെന്നും എന്നാൽ കേന്ദ്ര സർക്കാറിനു കീഴിലെ ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ ലഭിക്കുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യ തലസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച മുതൽ ഡൽഹിയുടെ അതിർത്തികൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഡോക്ടർമാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒരാഴ്ച മുമ്പ് പൊതുജനാഭിപ്രായം തേടിയ വിഷയത്തിലാണ് മുഖ്യമന്ത്രി ഇപ്പോൾ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള രോഗികളാൽ ഞങ്ങളുടെ ആശുപത്രികൾ നിറഞ്ഞു -കെജ്രിവാൾ പറഞ്ഞു.
ന്യൂറോസർജറി പോലെ പ്രത്യേക ശസ്ത്രക്രിയകൾ നടത്തുന്നവ ഒഴികെ തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഡൽഹി നിവാസികൾക്ക് മാത്രമായിരിക്കും ഇനി ചികിത്സ ലഭ്യമാകുക. പ്രത്യേക ശസ്ത്രക്രിയകൾക്കായി രാജ്യ തലസ്ഥാനത്തെത്തുന്നവരെ സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി. ജൂൺ അവസാനത്തോടെ കോവിഡ് രോഗികളെ ചികിത്സിക്കാൻ ഡൽഹിക്ക് 15000 കിടക്കകൾ വേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഡൽഹിയിൽ റെസ്റ്ററന്‍റുകൾ, മാളുകൾ, ആരാധനാലയങ്ങൾ എന്നിവ തിങ്കളാഴ്ച മുതൽ തുറക്കും. ഹോട്ടലുകളും വിരുന്ന് ഹാളുകളും തുറക്കില്ല.
മദ്യത്തിന് അധികം ചുമത്തിയ 70 ശതമാനം നികുതി ജൂൺ 10 മുതൽ പിൻവലിക്കാനും തീരുമാനിച്ചു.
വിമർശനവുമായി മുഖ്താർ അബ്ബാസ് നഖ്വി
ഡൽഹി ആശുപത്രികളിൽ ഡൽഹിക്കാർക്ക് മാത്രം ചികിത്സയെന്ന തീരുമാനത്തിനെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി രംഗത്തെത്തി. ഡൽഹി ആശുപത്രികളിലെ കിടക്കകൾ എങ്ങനെ ഡൽഹിയിലെ ആളുകൾക്ക് മാത്രമായി നീക്കിവെക്കുമെന്ന് അദ്ദേഹം ചോദിച്ചു.
മുംബൈയിലെ കിടക്കകൾ മുംബൈ സ്വദേശികൾക്ക് മാത്രമോ? കൊൽക്കത്തയിലെ കിടക്കകൾ കൊൽക്കത്താ നിവാസികൾക്ക് മാത്രമോ? ഡൽഹിയിലേക്ക് വരാൻ പാസ്പോർട്ടിന്‍റെയും വിസയുടെയും ആവശ്യമില്ല. വിവിധ നാടുകളിൽനിന്നുള്ളവർ രാജ്യ തലസ്ഥാനത്ത് ചികിത്സക്കായി എത്തുന്നതാണ്. ഇതിൽ ഒരു രാഷ്ട്രീയവും ഉണ്ടാകരുത്. വിവേകമാണ് ആവശ്യം -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.