ഡല്‍ഹി വംശീയാതിക്രമ കേസ്: പൊലീസ് വേട്ട ‘പിഞ്ച്റ തോഡി’ലേക്ക്
text_fieldsന്യൂഡല്‍ഹി: ഡല്‍ഹി വംശീയാതിക്രമ കേസിെൻറ മറവിലുള്ള പൊലീസ്വേട്ട ‘പിഞ്ച്റ തോഡ്’ പ്രവർത്തകരിലേക്ക്. നേരത്തെ അറസ്റ്റിലായ രണ്ടുപേര്‍ക്ക് പുറമെയാണ് ദേവാംഗന കലിത (32), നടാഷ നര്‍വല്‍ (32) എന്നീ നേതാക്കളെക്കൂടി അറസ്റ്റ് ചെയ്തത്. ഇതോടെ, സംഘടനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി.
യു.എ.പി.എ ചുമത്തി ജയിലില്‍ കഴിയുന്ന സഫൂറ സര്‍ഗറും ഗുല്‍ഫിഷയും ‘പിഞ്ച്റ തോഡ്’ പ്രവര്‍ത്തകരായിരുന്നുവെങ്കിലും സംഘടന അവരെ ഏറ്റെടുത്തിരുന്നില്ല. ഗവേഷകയായ സഫൂറക്ക് വേണ്ടി ഭര്‍ത്താവ് നിയമയുദ്ധത്തിനിറങ്ങിയപ്പോള് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ പൗരത്വസമരത്തിെൻറ മുഖമായിരുന്ന എം.ബി.എക്കാരിയായ ഗുല്‍ഫിഷക്ക് വേണ്ടി സഹോദരനാണ് ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തത്. മറ്റു പ്രവർത്തകരെയും ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ചെങ്കിലും അക്കാര്യം നിഷേധിക്കുകയായിരുന്നു സംഘടന. നടാഷ, സുഹാസിനി, ദേവാംഗന, കവിത, തരോമ റാവു എന്നീ പ്രവര്‍ത്തകരുടെ പേര് എഫ്.ഐ.ആറിലുണ്ടായിരുന്നുവെങ്കിലും ഒന്നര മാസം നടപടിയുണ്ടായില്ല. അതേസമയം, ദേവാംഗനയുടെയും നടാഷയുടെയും അറസ്റ്റോടെ ‘പിഞ്ച്റ തോഡും’ അവരോട് സഹകരിക്കുന്ന സംഘടനകളും രംഗത്തിറങ്ങി.
പൗരത്വ സമരക്കാരെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വംശീയാതിക്രമത്തിെൻറ പേരില്‍ വേട്ടയാടി തുടങ്ങിയത് മുഹമ്മദ് ദാനിഷ്, പര്‍വേസ് ആലം, മുഹമ്മദ് ഇല്യാസ് എന്നീ പോപുലര്‍ ഫ്രണ്ട് പ്രവർത്തകരുടെ അറസ്േറ്റാടെയാണ്. മാര്‍ച്ച് 12ന് അറസ്റ്റിലായ മൂവര്‍ക്കും 14ന് ജാമ്യം നൽകി. എന്നാല്‍, ആദ്യം അറസ്റ്റിലായ ഇശ്റത് ജഹാനും ഖാലിദ് സൈഫിക്കും മാര്‍ച്ച് 21ന് ജാമ്യം ലഭിച്ചപ്പോള്‍ പോപുലര്‍ ഫ്രണ്ടുകാര്‍ പ്രതികളായ എഫ്.ഐ.ആറില്‍ അവരെയും പ്രതി ചേര്‍ത്തത് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയായിരുന്നു. അറസ്റ്റിലായ സഫൂറക്കും ഗുല്ഫിഷക്കും ജാമ്യം ലഭിച്ചപ്പോഴൂം ഇതേ എഫ്്.ഐ.ആറില്‍ പ്രതിയാക്കി വീണ്ടും അറസ്റ്റ് ചെയ്തു. സഫൂറ സര്ഗറിനുശേഷം ആര്.ജെ.ഡി വിദ്യാര്‍ഥി വിഭാഗത്തിലെ മീരാന്‍ ഹൈദറിനെയും ജാമിഅ പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡൻറ് ശിഫാഉര്റഹ്മാനെയും ഒടുവില്‍ അറസ്റ്റ് ചെയ്ത ജാമിഅ മില്ലിയയിലെ എസ്.ഐ.ഒ നേതാവ് ആസിഫ് തന്‍ഹയെയും ഇതേ രീതിയില്‍ വീണ്ടും അറസ്റ്റു ചെയ്തു. ജാമ്യം കിട്ടുന്ന കേസായി തുടങ്ങിയ ഈ എഫ്.ഐ.ആറാണ് ഇപ്പോള്‍ യു.എ.പി.എ പോലും ചുമത്തുന്ന തരത്തില്‍ കടുപ്പമുള്ളതാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.