Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉമർ ഖാലിദിന്റെ...

ഉമർ ഖാലിദിന്റെ മോചനമാവശ്യപ്പെട്ട് 160 അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളും ചലച്ചിത്ര പ്രവർത്തകരും ഒപ്പിട്ട കത്ത്

text_fields
bookmark_border
ഉമർ ഖാലിദിന്റെ മോചനമാവശ്യപ്പെട്ട് 160 അക്കാദമിക് വിദഗ്ധരും ആക്ടിവിസ്റ്റുകളും ചലച്ചിത്ര പ്രവർത്തകരും ഒപ്പിട്ട കത്ത്
cancel
camera_alt

ഉമർ ഖാലിദ്                                                                                                                ഫോട്ടോ: BASO


ന്യൂഡൽഹി: ഉമർ ഖാലിദിനെയും പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാവ് ഘോഷ്, നസറുദ്ദീൻ ഷാ, റൊമീല ഥാപ്പർ, ജയതി ഘോഷ്, ഹർഷ് മന്ദർ, ക്രിസ്റ്റഫ് ജാഫ്രലോട്ട് എന്നിവരുൾപ്പെടെ 160 അക്കാദമിക് വിദഗ്ധരും ചലച്ചിത്രപ്രവർത്തകരും ആക്ടിവിസ്റ്റുകളും പ്രസ്താവനയിൽ ഒപ്പുവെച്ചു. മഹാത്മാഗാന്ധിയുടെ 77-ാം ചരമവാർഷികത്തോട് അനുബന്ധിച്ചാണ് പ്രസ്താവന.

ചരിത്രകാരനെന്ന നിലയിൽ പരിശീലനം നേടുകയും വിമർശനാത്മക ചിന്തകനായി വളർത്തപ്പെടുകയും ചെയ്ത ഉമറിനെപ്പോലെ മിടുക്കനും അനുകമ്പയും ഉള്ള ഒരു യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സാക്ഷിയാകുന്നതിൽ തങ്ങൾ വളരെ അസ്വസ്ഥരാണ്. അദ്ദേഹം ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്താൽ ആവർത്തിച്ച് ടാർഗെറ്റു ചെയ്യപ്പെടുകയും അപകീർത്തിപ്പെടുത്തുകയും മുദ്രകുത്തപ്പെടുകയും ചെയ്തുവെന്ന് യു.എ.പി.എ പ്രകാരമുള്ള ഖാലിദിന്റെ ദീർഘിച്ച തടവ് പരാമർശിച്ചുകൊണ്ട് പ്രസ്താവന പറയുന്നു.

ബഹുസ്വരതക്കും മതേതരത്വത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടി വാദിക്കുന്ന പ്രഭാഷണങ്ങൾക്ക് പേരുകേട്ട ഖാലിദിനുമേൽ അക്രമത്തിന് പ്രേരിപ്പിക്കുന്ന ഗൂഢാലോചനക്കുറ്റം ഏറ്റവും ധിക്കാരപരമായ രീതിയിൽ വളച്ചൊടിച്ച് തെറ്റായി ആരോപിക്കപ്പെട്ടുവെന്നും പ്രസ്താവന പറയുന്നു.

സി.എ.എ വിരുദ്ധ പ്രതിഷേധത്തിനുശേഷം ടാർഗെറ്റുചെയ്‌ത മറ്റ് പ്രവർത്തകരായ ഗുലിഫ്ഷ ഫാത്തിമ, ഷർജീൽ ഇമാം, ഖാലിദ് സൈഫി, മീരൻ ഹൈദർ, അത്തർ ഖാൻ, ഷിഫ ഉർ റഹ്മാൻ എന്നിവരെയും ഇതിൽ പേരെടുത്തു പറയുന്നു. ‘ആവർത്തിച്ചുള്ള ജാമ്യം നിഷേധിക്കുന്നതും വിചാരണ കൂടാതെ നീണ്ടുനിൽക്കുന്ന തടവും ഖാലിദിന്റെയും മറ്റുള്ളവരുടെയും കേസിലെ ഏറ്റവും വിഷമകരമായ വശങ്ങളിലൊന്നാണ് -പ്രസ്താവനയിൽ പറയുന്നു.

പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായി ഉറപ്പുനൽകുന്ന അവകാശവും തീവ്രവാദ പ്രവർത്തനവും തമ്മിലുള്ള അതിർത്തി ഭരണകൂടത്തിന്റെ കാഴ്ചപ്പാടിൽ ഒരു പരിധിവരെ മങ്ങുന്നതായി തോന്നുന്നുവെന്ന് 2021ലെ ഡൽഹി ഹൈകോടതി വിധിയെ പരാമർശിച്ചുകൊണ്ട് ഒപ്പുവെച്ചവർ നിരീക്ഷിച്ചു.

ഇത്തരം നിയമങ്ങളും അമിതമായ ജുഡീഷ്യൽ കാലതാമസവും ഒരു വിചാരണയും കൂടാതെയും, കുറ്റം തെളിയിക്കപ്പെടാതെ നീണ്ട തടങ്കലിൽ വെച്ചുകൊണ്ട് വ്യക്തികളെ ശിക്ഷിക്കുന്ന സാഹചര്യം സൃഷ്ടിച്ചുവെന്ന് തീവ്രവാദ വിരുദ്ധ നിയമങ്ങളുടെ ഉപയോഗത്തെ പരാമർശിച്ചുകൊണ്ട് പ്രസ്താവന പറഞ്ഞു.

ഉമറും മറ്റു പൗരത്വാവകാശ പ്രവർത്തകരും സ്വതന്ത്രരാവുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. അതുവഴി അവർക്ക് തുല്യവും നീതിയുക്തവുമായ ഭാവിയിലേക്ക് സംഭാവന ചെയ്യാൻ കഴിയും- അതിൽ പറയുന്നു.

പ്രസ്താവനയുടെ പൂർണരൂപം ചുവടെ ചേർക്കുന്നു.

‘ഇന്ന് 2025 ജനുവരി 30, ചരിത്രകാരനും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദ് ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്നതിന്റെ 1600 ാമത് ദിവസം. മോഹൻദാസ് കരംചന്ദ് ഗാന്ധി ഒരു ഹിന്ദുത്വ വാദിയുടെ കയ്യിൽ കൊല്ലപ്പെട്ടതിന്റെ 77-ാം വാർഷികം കൂടിയാണിത്.

താഴെ ഒപ്പിട്ടിരിക്കുന്ന ഞങ്ങൾ, ഈ സമന്വയത്തെക്കുറിച്ച് അറിയാത്തവരല്ല. അത് ശ്രദ്ധിക്കപ്പെടാതെ കടന്നുപോകുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഗാന്ധിയെ കൊലപ്പെടുത്തിയ അതേ ശക്തികൾ തന്നെ പൗരത്വ (ഭേദഗതി) നിയമവും കൊണ്ടുവന്നിട്ടുണ്ടെന്ന് അറസ്റ്റിന് മുമ്പുള്ള ഒരു പ്രസംഗത്തിൽ ഉമർ ഖാലിദ് തറപ്പിച്ചുപറഞ്ഞിരുന്നു. അദ്ദേഹവും മറ്റു പലരും അതിനെതിരെ പ്രതിഷേധിച്ചിരുന്നു.

അവർ മഹാത്മാഗാന്ധിയുടെ മൂല്യങ്ങളെ നശിപ്പിക്കുകയാണെന്നും ഇന്ത്യയിലെ ജനങ്ങൾ അവർക്കെതിരെ പോരാടുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി. അധികാരത്തിലിരിക്കുന്നവർ ഇന്ത്യയെ വിഭജിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാജ്യത്തെ ഒന്നിപ്പിക്കാൻ ഇന്ത്യയിലെ ജനങ്ങൾ തയ്യാറാണ്.

ഉമറും അദ്ദേഹത്തെപ്പോലുള്ള മറ്റു പലരും യു.എ.പി.എ പ്രകാരം, ജാമ്യമില്ലാതെയും വിചാരണ കൂടാതെയും വർഷങ്ങളായി ജയിലിൽ കഴിയുകയാണ്. അക്രമം നടത്താൻ അവർ ആരെയെങ്കിലും പ്രേരിപ്പിച്ചതു​കൊണ്ടല്ല, മറിച്ച് അവർ സമാധാനത്തിനും നീതിക്കും വേണ്ടി നിലകൊള്ളുകയും അന്യായമായ നിയമങ്ങൾക്കെതിരെ അഹിംസാത്മകമായ വിയോജിപ്പോടെ വാദിക്കുകയും ചെയ്തതുകൊണ്ടാണ്.

ഇത് ഉമർ ഖാലിദിന്റെ മാത്രം കാര്യമല്ല. ഗുലിഷ്ഫ ഫാത്തിമയുടെ കവിത വായിക്കുന്നത് ഞങ്ങളെ വേദനിപ്പിക്കുന്നു. അവർ ജയിലിന്റെ ‘നിശബ്ദ മതിലുകളെ’ കുറിച്ച് എഴുതുമ്പോൾ. മിടുക്കിയായ യുവ വിദ്യാർത്ഥി ആക്ടിവിസ്റ്റും എം.ബി.എ ബിരുദധാരിയും ചരിത്രപ്രേമിയുമായ ഗൾഫിഷ അഞ്ചാം വർഷം ജയിലിൽ കഴിയുകയാണ്. അതുപോലെ, മതനിരപേക്ഷതയെയും സമത്വത്തെയും കുറിച്ച് സംസാരിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചതിന് ഖാലിദ് സെയ്ഫിയും. ഈ ഭരണത്തിന് കീഴിൽ വിയോജിപ്പുകാർ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന് തനിക്ക് അറിയാമായിരുന്നിട്ടും, ‘ഭീകരവാദം’ ആരോപിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചരിത്ര പണ്ഡിതനും വിദ്യാർത്ഥി ആക്ടിവിസ്റ്റുമായ ഷർജീൽ ഇമാം പ്രകടിപ്പിച്ചിട്ടുണ്ട്.
മീരാൻ ഹൈദർ, അത്തർ ഖാൻ, ഷിഫ ഉർ റഹ്മാൻ എന്നിങ്ങനെ പട്ടിക നീളുന്നു. ഇന്ത്യൻ പൗരത്വത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട് മുസ്‌ലിംകളോട് വിവേചനം കാണിക്കുന്ന ഒരു നിയമം ഭരണകൂടം ആദ്യം കൊണ്ടുവന്നു. തുടർന്ന്, ഈ നടപടിക്കെതിരെ ശബ്ദമുയർത്തുന്നവരെ തെരഞ്ഞെടുത്ത് പീഡിപ്പിക്കുന്നു. പ്രത്യേകിച്ചും അവർ മുസ്‍ലിമാണെങ്കിൽ.

2020 ഫെബ്രുവരിയിലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഉമർ ഖാലിദിനെ സെപ്തംബർ 13ന് ക്രൂരമായ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തു. ജീവനും സ്വത്തിനും കാര്യമായ നാശനഷ്ടമുണ്ടാക്കിയ ഈ കലാപം, 53 മരണങ്ങളിൽ കലാശിച്ച ഒരു ഭീകരമായ സംഭവമായിരുന്നു. അതിൽ 38 എണ്ണം മുസ്‍ലിംകളാണ്. എന്നിരുന്നാലും, അക്രമത്തെ പ്രേരിപ്പിച്ചവരെയും നിലനിറുത്തിയവരെയും ഉത്തരവാദികളാക്കുന്നതിനുപകരം, സി.എ.എയെ സമാധാനപരമായി എതിർത്ത പ്രവർത്തകരെയും പ്രതിഷേധക്കാരെയും ഭരണകൂടം ലക്ഷ്യമിട്ടു.

ബഹുസ്വരതക്കും മതേതരത്വത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും വേണ്ടിയുള്ള പ്രസംഗങ്ങൾക്ക് പേരുകേട്ട ഉമർ ഖാലിദിനെതിരെ അക്രമത്തിന് പ്രേരിപ്പിച്ചതിന് ഗൂഢാലോചന നടത്തിയെന്ന് അതിക്രൂരമായി വളച്ചൊടിച്ച് തെറ്റായി ആരോപിക്കപ്പെട്ടു. അദ്ദേഹത്തിനെതിരെ ഉപയോഗിച്ച ഒരു പ്രസംഗത്തിൽതന്നെ, ‘ഞങ്ങൾ അക്രമത്തോട് അക്രമം കൊണ്ട് പ്രതികരിക്കില്ല. വെറുപ്പിനോട് വെറുപ്പോടെ പ്രതികരിക്കില്ല. അവർ വിദ്വേഷം പടർത്തുകയാണെങ്കിൽ, സ്നേഹം പകർന്നുകൊണ്ട് ഞങ്ങൾ അതിനോട് പ്രതികരിക്കും. അവർ ലാത്തികൊണ്ട് അടിച്ചാൽ ഞങ്ങൾ ത്രിവർണം ഉയർത്തിപ്പിടിക്കും. അവർ വെടിയുതിർക്കുകയാണെങ്കിൽ, ഞങ്ങൾ ഭരണഘടനയെ നമ്മുടെ കൈകളിൽ പിടിക്കും’ എന്നാണ് ഉമർ പറഞ്ഞത്. എന്നിട്ടും ഏറ്റവും വക്രമായ നുണകളും വസ്തുതകളെ വളച്ചൊടിച്ചും ഉപയോഗിച്ച് അദ്ദേഹത്തെ കുടുക്കാൻ അധികാരികൾ അവരുടെ വഴിക്ക് പോയി.

ഈ ആവർത്തിച്ചുള്ള ജാമ്യ നിഷേധവും വിചാരണ കൂടാതെ നീണ്ടുനിൽക്കുന്ന തടവും വാസ്തവത്തിൽ ഉമർ ഖാലിദിന്റെയും ഈ കേസിലെ മറ്റുള്ളവരുടെയും ഏറ്റവും വിഷമകരമായ വശങ്ങളിലൊന്നാണ്. 2021ൽ ഹൈകോടതി മൂന്ന് പ്രതികൾക്ക് ജാമ്യം അനുവദിച്ചപ്പോൾ, ഭരണകൂടം ഉന്നയിച്ച വാദങ്ങളെക്കുറിച്ച് ശക്തമായ നിരീക്ഷണങ്ങൾ നടത്തിയിരുന്നു എന്ന വസ്തുത വകവെക്കാതെയാണ് ഇത്.

ഭരണഘടനാപരമായി ഉറപ്പുനൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശവും തീവ്രവാദ പ്രവർത്തനവും തമ്മിലുള്ള അതിർവരമ്പാണ് രാഷ്ട്രത്തിന്റെ കാഴ്ചയിൽ മങ്ങുന്നത്. ഈ ചിന്താഗതി ശക്തി പ്രാപിച്ചാൽ അത് ജനാധിപത്യത്തിന് ദുഃഖകരമായ ദിനങ്ങളായിരിക്കും. എന്നിട്ടും, ജാമ്യം നേടുന്നത് ദുഷ്‌കരമാക്കുന്ന യു.എ.പി.എ പോലുള്ള ക്രൂരമായ നിയമങ്ങൾ ഭരണകൂടം തുടരുകയാണ്. അത്തരം നിയമങ്ങൾ ക്രമാതീതമായ ജുഡീഷ്യൽ കാലതാമസത്തോടൊപ്പം ഒരു വിചാരണയും കൂടാതെയും കുറ്റം തെളിയിക്കപ്പെടാതെയും നീണ്ട തടങ്കലിലൂടെ സമർത്ഥമായി ശിക്ഷിക്കപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു.

ഒരു ചരിത്രകാരനായി പരിശീലിപ്പിക്കപ്പെടുകയും വിമർശനാത്മക ചിന്തകനായി വളർത്തപ്പെടുകയും ചെയ്ത ഉമറിനെപ്പോലെ പ്രഗൽഭനും അനുകമ്പയുള്ളവനുമായ ഒരു ചെറുപ്പക്കാരൻ എങ്ങനെയാണ് ഒരു സ്വേച്ഛാധിപത്യ ഭരണകൂടം ആവർത്തിച്ച് ടാർഗെറ്റു ചെയ്യപ്പെടുകയും അപകീർത്തിപ്പെടുത്തുകയും മുദ്രകുത്തപ്പെടുകയും ചെയ്യുന്നത് എന്നതിൽ താഴെ ഒപ്പിട്ടിരിക്കുന്ന ഞങ്ങൾ അഗാധമായി അസ്വസ്ഥരാണ്.

ഉമറും ഈ തുല്യ പൗരത്വ പ്രവർത്തകരും സ്വതന്ത്രരാവുമെന്ന് ഞങ്ങൾ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു. അങ്ങനെ അവർക്ക് തുല്യവും നീതിയുക്തവുമായ ഭാവിക്ക് സംഭാവന ചെയ്യാൻ കഴിയും. ഉമർ ഖാലിദിനെയും എല്ലാ പൗരത്വാവകാശ പ്രവർത്തകരെയും വിട്ടയക്കുക.’


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BailUmar KhalidArrestsAcademicsDelhi Riots Case
News Summary - Delhi riots: Ramachandra Guha, Irfan Habib among academics calling for release of Umar Khalid
Next Story