ഡൽഹി വംശീയാതിക്രമം; ഏഴുപേർക്ക് ജാമ്യം
text_fieldsന്യൂഡൽഹി: ഡൽഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട കൊലക്കേസിൽ ഉൾപ്പെട്ട ഏഴുപേർക്ക് കോടതി ജാമ്യം അനുവദിച്ചു. കോവിഡ് മൂലം കോടതി നടപടികൾക്ക് കാലതാമസമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിചാരണ അവസാനിക്കുന്നതുവരെ തടവിലിടാൻ കഴിയില്ലെന്നും ചൂണ്ടിക്കാണിച്ചാണ് അഡീഷനൽ സെഷൻസ് ജഡ്ജി അമിതാബ് റാവത്ത് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന വംശീയാതിക്രമത്തിനിടെ ഡൽഹിയിലെ ബ്രഹ്മപുരിയിൽ വിനോദ് കുമാർ എന്നയാളുടെ കൊലയുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം. കേസിൽ 12 പേരാണ് ആരോപിതരായുള്ളത്. ഇതിലെ ഏഴുപേർക്ക് ആശ്വാസം നൽകുന്നതാണ് കോടതി തീരുമാനം. ഇവരിൽ ഭൂരിഭാഗവും ഒരു വർഷത്തിലേറെയായി ജുഡീഷ്യൽ കസ് റ്റിഡിയിൽ കഴിയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി, വസ്തുതകളും സാഹചര്യങ്ങളും കസ്റ്റഡി കാലയളവും പരിഗണിച്ച് പ്രതികളുടെ അപേക്ഷകളിൽ അനുമതി നൽകുന്നതായും ജാമ്യം അനുവദിക്കുെന്നന്നും പറഞ്ഞു. സഗീർ അഹ്മദ്, നവേദ് ഖാൻ, ജാവേദ് ഖാൻ, അർഷാദ്, ഗുൽസാർ, മുഹമ്മദ് ഇമ്രാൻ, ചാന്ദ് ബാബു എന്നിവർ 20,000 രൂപ വീതം വ്യക്തിഗത ബോണ്ടുകൾ നൽകാനും കോടതി ഉത്തരവിട്ടു.
ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നും കോടതിയുടെ അനുമതിയില്ലാതെ ഡൽഹി-എൻ.സി.ആർ വിട്ടുപോകരുതെന്നും തെളിവുകൾ നശിപ്പിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
കൊലപാതകം, കൊലപാതക ശ്രമം, കലാപം, മതത്തിൻെറ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിെൻറ പശ്ചാത്തലത്തിലാണ് വടക്കു കിഴക്കൻ ഡൽഹിയിൽ 2020 ഫെബ്രുവരി 24 ന് വംശീയാതിക്രമം അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.