ഡൽഹി സംഘർഷം: പൊലീസ് ഭാഷ്യം തള്ളി പ്രദേശവാസികൾ
text_fieldsന്യൂഡൽഹി: ഹനുമാൻ ജയന്തി ഘോഷയാത്രയോടനുബന്ധിച്ച് വർഗീയ സംഘർഷമുണ്ടായ ജഹാംഗീർപുരിയിൽ 22 പേരെ അറസ്റ്റ് ചെയ്തു. കലാപമുണ്ടാക്കിയതിനും കൊലപാതക ശ്രമങ്ങൾക്കുമാണ് അറസ്റ്റെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഇന്ത്യൻ ശിക്ഷ നിയമത്തിലെയും ആയുധനിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് കേസെടുത്തത്. പ്രദേശത്ത് സുരക്ഷക്കായി കേന്ദ്ര റിസർവ് പൊലീസിനെയും ദ്രുതകർമസേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഡൽഹിക്ക് പുറമെ യു.പിയിലും സുരക്ഷ ശക്തമാക്കി.
ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം ഹനുമാൻ ജയന്തി ഘോഷയാത്ര ജഹാംഗീർപുരി പള്ളിക്കടുത്തുകൂടി കടന്നുപോകുമ്പോൾ അതിലുള്ളവരുമായി പ്രദേശവാസിയായ അൻസാർ എന്നയാൾ വാക്കുതർക്കത്തിലേർപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. ഇരുകൂട്ടരും തമ്മിലുള്ള ശണ്ഠ കല്ലേറായി മാറിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. അറസ്റ്റിലായവരിൽപ്പെട്ട അൻസാർ ആണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇഫ്താറിെൻറ നേരത്ത് ശബ്ദം കുറച്ച് പോകണമെന്ന് ആവശ്യപ്പെടുക മാത്രമാണ് അൻസാർ ചെയ്തതെന്നാണ് അദ്ദേഹത്തിെൻറ ഭാര്യ പറയുന്നത്. എന്നാൽ, പള്ളിയുടെ ഭാഗത്തുനിന്ന് കല്ലും കുപ്പികളും എറിഞ്ഞതാണ് പ്രശ്നമെന്ന് ഘോഷയാത്രയിലുള്ളവർ ആരോപിച്ചു.
ആൾക്കൂട്ടത്തിനുനേരെ വെടിയുതിർക്കുന്നതിെൻറ വിഡിയോ നോക്കി അറസ്റ്റ് ചെയ്ത അസ്ലം ആണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സബ് ഇൻസ്പെക്ർ മേധലാൽ മീണയെ വെടിവെച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ, വെടിവെച്ചത് ആരാണെന്ന് കണ്ടിട്ടില്ലെന്ന് മീണ പറഞ്ഞു. ഏഴോ എട്ടോ റൗണ്ട് വെടിവെപ്പ് കേട്ടു. ഘോഷയാത്രക്കു പിന്നിൽ അകമ്പടിയായി വരുകയായിരുന്ന തങ്ങൾ പ്രശ്നമുണ്ടായപ്പോൾ മുന്നിലേക്ക് നീങ്ങുകയായിരുന്നു. അതിനാൽ, സംഘർഷത്തിലേക്ക് നയിച്ച വാക്കുതർക്കത്തിന് കാരണം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ദണ്ഡുകളും വാളുകളും അടക്കമുള്ള ആയുധങ്ങളുമേന്തി വന്ന ഹനുമാൻ ജയന്തി ഘോഷയാത്ര പള്ളിക്കടുത്ത് എത്തിയപ്പോൾ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്നും പള്ളിക്ക് അകത്തേക്ക് കയറി കാവിക്കൊടി കെട്ടാൻ നോക്കിയെന്നും അതോടെയാണ് പ്രശന്ങ്ങൾ തുടങ്ങിയതെന്നും പ്രദേശത്തെ മുസ്ലിംകൾ പറയുന്നു. പള്ളിക്കടുത്തുനിന്ന് അൻസാറുമായി വാക്കുതർക്കമുണ്ടായതാണ് പ്രശ്നം തുടങ്ങിയതെന്ന പൊലീസ് ഭാഷ്യം പ്രദേശവാസിയായ നൂർജഹാൻ നിഷേധിച്ചു. ആയുധങ്ങളേന്തിയുള്ള ഹിന്ദുഘോഷയാത്ര പ്രദേശത്ത് ഇതാദ്യമാണെന്നും അവർ പറഞ്ഞു. എല്ലാവരും ഒരുമയോടെ സമാധാനപൂർണമായി ജീവിക്കുന്ന ജഹാംഗീർപുരിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് പുറത്തുനിന്നു വന്നവരാണെന്ന് ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഘോഷയാത്ര പള്ളിക്കുമുന്നിൽ എത്തിയപ്പോൾ പ്രശ്നമായെന്നു കണ്ട് ഇരുസമുദായങ്ങളെയും വേർപെടുത്തി മാറ്റിനിർത്തിയതായിരുന്നുവെന്ന് മേധലാൽ മീണ പറഞ്ഞു. ഹനുമാൻ ജയന്തി ഘോഷയാത്ര ഒരു വഴിക്കും മുസ്ലിംകൾ മറുവഴിക്കും പോകാൻ ആവശ്യപ്പെട്ടതായിരുന്നു. എന്നാൽ, കൈയിൽ ദണ്ഡുകളും വാളുകളുമായി കൂടുതൽ ആളുകൾ വരുകയും പരസ്പരം കല്ലേറ് തുടരുകയും ചെയ്തു. എട്ടു പൊലീസുകാർ അടക്കം പത്തു പേർക്ക് പരിക്കേറ്റു. മീണക്ക് കൈക്കാണ് വെടിയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.