ഡൽഹി വംശഹത്യക്കിടെ ക്ഷേത്രമാക്കാൻ ശ്രമിച്ച പള്ളി ജംഇയ്യത് വീണ്ടെടുത്തു
text_fieldsന്യൂഡൽഹി: ഡൽഹി വംശീയാതിക്രമത്തിനിടെ പള്ളിയിൽ വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രമാക്കാൻ ശ്രമിച്ച പള്ളി ജംഇയ്യതുൽ ഉലമായെ ഹിന്ദ് വീണ്ടെടുത്തു. കരാവൽ നഗറിൽ ശഹീദ് ഭഗത് സിങ് കോളനിയിലെ അല്ലാഹ് വാലി മസ്ജിദാണ് അർശദ് മദനിയുടെ നേതൃത്വത്തിലുള്ള ജംഇയ്യതുൽ ഉലമായേ ഹിന്ദ് വീണ്ടെടുത്തത്.
ഡൽഹി കലാപത്തിലമർന്ന ഫെബ്രുവരി 25ന് രാവിലെ 11 മണിക്ക് പ്രദേശവാസികളും പുറത്തുനിന്നുള്ളവരും അടങ്ങുന്ന അക്രമികളാണ് 'ജയ് ശ്രീറാം' വിളികളുമായി ത്രിശൂലങ്ങളേന്തി വന്ന് പ്രദേശത്തെ മുസ്ലിംകളെ ഓടിച്ച് വീടുകൾക്ക് തീവെച്ച ശേഷം പള്ളിക്കു നേരെ ആക്രമണം നടത്തിയത്്. 'ഒരു തള്ളുകൂടി കൊടുക്കൂ, അല്ലാഹ് വാലി മസ്ജിദ് തള്ളിയിടൂ' എന്ന് വിളിച്ചുപറഞ്ഞ് ത്രിശൂലങ്ങൾക്ക് പുറമെ മഴുവും ഇരുമ്പുദണ്ഡുകളുമുപയോഗിച്ച് പള്ളിയുടെ ചുമരുകൾ തകർക്കാൻ തുടങ്ങി. ചുമരുകൾ വീഴുന്നില്ലെന്നു കണ്ടതോടെ ഗ്യാസ് സിലിണ്ടറുകൾ പള്ളിക്ക് അകത്തിട്ട് തീകൊടുത്ത് സ്ഫോടനം സൃഷ്ടിക്കുകയായിരുന്നു. എല്ലാ പള്ളികളും ബാബരി ആക്കണം എന്ന് ആക്രോശിച്ചായിരുന്നു പള്ളിക്കു നേരെ ആക്രമണം. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള അല്ലാഹ് വാലി മസ്ജിദിന് തീവെക്കുകയും ഹനുമാൻ പതാക മിനാരത്തിൽ കെട്ടുകയും ചെയ്ത ശേഷം ഹിന്ദു ദേവതയായ ദുർഗയുടെ വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു.
വംശീയാതിക്രമത്തിനിടെ സംഘ്പരിവാർ ആക്രമണത്തിനിരയായ പള്ളികളുടെ സർവേ ജംഇയ്യത് നടത്തിയപ്പോഴാണ് 19 പള്ളികൾ ആക്രമിക്കപ്പെട്ടതായും അല്ലാഹ് വാലി മസ്ജിദ് കൈയേറി ക്ഷേത്രമാക്കാനുള്ള നീക്കം നടത്തിയതായും അറിഞ്ഞത്. പള്ളി ഏറ്റെടുത്ത ജംഇയ്യത് ഒക്ടോബർ അവസാന വാരത്തോടെ പുനർനിർമാണം പൂർത്തിയാക്കി പഴയ പ്രതാപത്തോടെ മസ്ജിദ് നടത്തിപ്പുകാരെത്തന്നെ തിരിച്ചേൽപിച്ചതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്. ദിനേന അഞ്ചു നേരമുള്ള നമസ്കാരങ്ങളും വെള്ളിയാഴ്ച ജുമുഅ നമസ്കാരവും പുനരാരംഭിച്ച് പള്ളി പൂർവസ്ഥിതിയിൽ ആക്കിയിരിക്കുകയാണ് ജംഇയ്യത്. കലാപകാരികളായ പ്രതികളെ പിടികൂടുന്നതിന് പകരം ആക്രമിക്കപ്പെട്ട മുസ്ലിംകളിൽ 16 പേർക്കെതിരെ ചുമത്തിയ കലാപ കേസുകൾ ജംഇയ്യത് ഏറ്റെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.