ഡൽഹി കലാപ കേസ് അന്വേഷണം: തെളിവുകൾ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാകരുത് - ജഡ്ജി
text_fieldsന്യൂഡൽഹി: ഡൽഹി കലാപ കേസിൽ കുറ്റപത്രം നൽകിയ ശേഷം കോടതി അനുമതിയില്ലാതെ നിരുത്തരവാദപരമായി പുനരന്വേഷണം നടത്തിയതിൽ അഡീഷനൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമചല പൊലീസിനെ രൂക്ഷമായി വിമർശിച്ചു. വിഷയത്തിൽ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ ഹാജരായി രേഖാമൂലമുള്ള വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. ഡൽഹി കലാപത്തിൽ മൂന്നു പ്രതികൾക്കെതിരായ കേസുകളിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു വിമർശനം. 25 പരാതികളിൽ നിലവിലുള്ള കേസിൽ 17 പരാതികൾ മാത്രമേ നിലനിൽക്കൂവെന്ന് കഴിഞ്ഞ ഏപ്രിലിൽ കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥൻ മേയ് 17ന് അനുബന്ധ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. തങ്ങൾ നേരത്തെ നൽകിയ തീയതിയും സമയവും തെറ്റാണെന്ന് പറഞ്ഞ് ചില പരാതിക്കാരുടെ പുതിയ മൊഴിയാണ് രേഖപ്പെടുത്തിയത്. ഇത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന അന്വേഷണമാണെന്ന് ജഡ്ജി വിലയിരുത്തി. കോടതിയുടെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം അന്വേഷണം ക്രിമിനൽ നടപടിച്ചട്ടത്തിനും വിരുദ്ധമാണ്.
പുതിയ മൊഴിയിൽ തീയതിയും സമയവും മാറ്റിയതല്ലാതെ പരാതിക്കാർ ദൃക്സാക്ഷികളാണെന്ന് അവകാശപ്പെടുന്നില്ല. ചില അയൽവാസികളെയാണ് അവർ പരാമർശിക്കുന്നതെന്നും ജഡ്ജി പറഞ്ഞു.
എന്നാൽ, ആരാണ് അയൽവാസികളെന്ന് അറിയില്ല. മുൻകൂട്ടി നിശ്ചയിച്ചതുപോലെ എല്ലാ സംഭവങ്ങളും നടന്നത് പ്രത്യേക ദിവസത്തിലും സമയത്തുമാണ്. ഉദ്യോഗസ്ഥൻ നിരുത്തരവാദപരമായാണ് അന്വേഷണം നടത്തിയത്. തെളിവുകൾ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ളതാകരുതെന്നും കോടതി വ്യക്തമാക്കി. തുടർ വാദം കേൾക്കാൻ കേസ് നവംബർ 20ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.