കെട്ടിയടച്ച് ഡൽഹി
text_fieldsന്യൂഡൽഹി: അതിർത്തികളിൽ വൻ മതിൽ നിർമിച്ചും വൻ സന്നാഹത്തെ വിന്യസിച്ചും കർഷകരെ നേരിടാൻ ഡൽഹി പൊലീസ്. രാജ്യതലസ്ഥാന നഗരി ഇതുവരെ കാണാത്ത സുരക്ഷസന്നാഹമാണ് അതിർത്തിയിലും നഗരത്തിനകത്തും ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്.
സിംഘു, ടിക്രി, ഗാസിപുർ അതിർത്തികളുടെ ഇരുവശവും കോൺക്രീറ്റ് മതിൽ നിർമിച്ചും മീറ്ററുകൾ വീതിയിൽ മുള്ളുവേലികളാൽ ബന്ധിപ്പിച്ച ഇരുമ്പു ബാരിക്കേഡുകൾ സ്ഥാപിച്ചും അടച്ചിട്ടിരിക്കുകയാണ്. വലിയ കമ്പികൾ റോഡിലേക്ക് തള്ളി നിൽക്കുന്ന വിധത്തിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിട്ടുണ്ട്. മുള്ളാണികൾ നിറച്ച ഇരുമ്പ് ഷീറ്റുകളും ഗ്രനേഡുകൾ നിറച്ച ബോക്സുകളും ഇവിടങ്ങളിൽ ക്യാമ്പ് ചെയ്യുന്ന പൊലീസ്, അർധ സേനാവിഭഗങ്ങളുടെ കൈയിൽ കാണാം.പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നും ഡൽഹിയിലേക്ക് സോനിപത് വഴിയുള്ള റോഡ് മാത്രമാണ് തുറന്നിട്ടുള്ളത്. ഇതുവഴിയുള്ള ബസുകൾ പൊലീസ് പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. സുരക്ഷ വിലയിരുത്താൻ ഡൽഹി പൊലീസ് കമീഷണർ അതിർത്തിയിൽ നേരിട്ടെത്തി. 11 കമ്പനി അധിക പൊലീസ് സേനയെ വിന്യസിച്ചതായി ഡല്‍ഹി പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജയേന്ദ്ര കുമാര്‍ അറിയിച്ചു.
ഡൽഹിക്കകത്തും പൊലീസ് വലയത്തിലാണ്. സമരക്കാർ ഡൽഹിയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്ത് സൂക്ഷിക്കാൻ ഭവാന സ്റ്റേഡിയം അനുവദിക്കണമെന്ന ആവശ്യം ആം ആദ്മി പാർട്ടി സർക്കാർ നിഷേധിച്ചു. കർഷകരുടെ ആവശ്യങ്ങൾ ന്യായമാണെന്നും സമരത്തെ പിന്തുണക്കുന്നുവെന്നും സർക്കാർ വ്യക്തമാക്കി.
ഡൽഹി അതിർത്തിയിൽനിന്നും ഏറെ അകലെയുള്ള ചെങ്കോട്ടയടക്കം പൊലീസ് കെട്ടിയടച്ചിരിക്കുകയാണ്. ചെങ്കോട്ടക്ക് മുമ്പിൽ കണ്ടെയ്നറുകൾ വെച്ചാണ് പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മെട്രോ യാത്രക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാർലമെന്റിനോട് ചേർന്നുള്ള സ്റ്റേഷനുകളുടെ ഗേറ്റുകൾ മിക്കതും അടച്ചു. നിയന്ത്രണങ്ങളെ തുടർന്ന് പ്രധാന പാതകളിലെല്ലാം കിലോമീറ്ററുകൾ നീണ്ട വാഹനക്കുരുക്കാണ് അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.