വിഷവായുവിന് നേരിയ ശമനം; ഡൽഹിയിലെ സ്കൂളുകൾ ഹൈബ്രിഡ് മോഡിലേക്ക്
text_fieldsന്യൂഡൽഹി: വായുഗുണനിലവാരം നേരിയ തോതിൽ മെച്ചപ്പെട്ടതോടെ രാജ്യതലസ്ഥാനത്തെ സർക്കാർ, സ്വകാര്യ, സ്വയംഭരണ സ്കൂളുകൾ എത്രയും വേഗത്തിൽ ഹൈബ്രിഡ് (ഓൺലൈൻ ആൻഡ് ഓഫ്ലൈൻ) മോഡിലേക്ക് മാറ്റാൻ ഡൽഹി സർക്കാർ നിർദേശിച്ചു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിൽ (ഗ്രാപ്) ഇളവുകൾ പ്രഖ്യാപിച്ച എയർ ക്വാളിറ്റി മാനേജ്മെന്റ് കമീഷന്റെ നടപടിക്കു പിന്നാലെയാണ് നിർദേശം.
വായുമലിനീകരണം അപകടാവസ്ഥയിലേക്ക് മാറിയതിനു പിന്നാലെ കഴിഞ്ഞയാഴ്ച ഡൽഹിയിലെ സ്കൂളുകൾ പൂർണമായും ഓൺലൈൻ മോഡിലേക്ക് മാറ്റിയിരുന്നു. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനാകാത്ത അനവധി കുട്ടികളുണ്ടെന്നും പലർക്കും അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ ഫിസിക്കൽ ക്ലാസുകൾ തുടങ്ങുന്ന കാര്യം പരിഗണിക്കണമെന്നും കഴിഞ്ഞ ദിവസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ആശങ്കകളുണ്ടെങ്കിലും വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സ്‌കൂളുകളും അങ്കണവാടികളും അടഞ്ഞുകിടക്കുന്നതിനാൽ വലിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണ സൗകര്യം ഇല്ലാതാകുന്നു. അനവധി വിദ്യാർഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം പ്രയോജനപ്പെടുത്താനുള്ള സൗകര്യമില്ല. പല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതിനുള്ള സൗകര്യമില്ല. പല വിദ്യാർഥികളുടെയും വീടുകളിൽ എയർ പ്യൂരിഫയറുകൾ ഇല്ല, അതിനാൽ, വീട്ടിൽ ഇരിക്കുന്ന കുട്ടികളും സ്കൂളിൽ പോകുന്നവരും തമ്മിൽ ഒരു വ്യത്യാസവും ഉണ്ടാകാനിടയില്ല എന്നും കോടതി നിരീക്ഷിച്ചു.
തിങ്കളാഴ്ച കമീഷൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഹൈബ്രിഡ് ഫോർമാറ്റിൽ ക്ലാസുകൾ നടത്താൻ അനുമതി നൽകി. വിദ്യാർഥികൾക്ക് നേരിട്ടോ ഓൺലൈനിലോ ക്ലാസുകളിൽ പങ്കെടുക്കാം. 12 വരെയുള്ള എല്ലാ ക്ലാസുകളും ഹൈബ്രിഡ് മോഡിൽ ക്ലാസ് നടത്താം. സാധ്യമാകുന്നിടത്തെല്ലാം ഓൺലൈൻ ക്ലാസാക്കണമെന്നും കമീഷൻ നിർദേശിച്ചു. അതേസമയം ഡൽഹിയിലെ മലിനീകരണത്തോത് ഇപ്പോഴും അപകട നിലയിലാണ്. തിങ്കളാഴ്ച വായു ഗുണനിലവാരം 318ൽ നിന്ന് 349ലേക്കാണ് താഴ്ന്നത്. കഴിഞ്ഞയാഴ്ച 400ന് മുകളിലേക്ക് ഉയർന്നതോടെയാണ് സ്കൂളുകൾ അടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.