ശ്വാസം മുട്ടി ഡൽഹി; സ്കൂളുകൾ ഒരാഴ്ച അടച്ചിടും
text_fieldsന്യൂഡൽഹി: വായു മലിനീകരണ തോത് ഉയർന്ന ഡൽഹിയിൽ സ്കൂളുകൾ ഒരാഴ്ച അടച്ചിടും. ഈമാസം 14 മുതൽ 17 വരെ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
സർക്കാർ ജീവനക്കാർക്ക് ഒരാഴ്ച വർക്ക് ഫ്രം ഹോം അനുവദിക്കും. സ്കൂളുകളിൽ വെർച്വൽ ക്ലാസുകൾ തുടരും. കുട്ടികൾ വീടിനു പുറത്തിറങ്ങി മലിനമായ വായു ശ്വസിക്കുന്നത് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് സ്കൂളുകൾ അടച്ചിടുന്നത്. വായുമലിനീകരണം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികൾ ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈക്കോൽ കത്തിക്കുന്നതുകൊണ്ടുള്ള പുക 14 മുതൽ 17 വരെ അന്തരീക്ഷത്തിലുണ്ടാകുമെന്നും ഈ ദിവസങ്ങളിൽ കാറ്റിന്‍റെ വേഗത കുറവായതിനാൽ സാഹചര്യം കൂടുതൽ രൂക്ഷമാകാനിടയുണ്ടെന്നും കലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യതലസ്ഥാനവും സമീപപ്രദേശങ്ങളും ദിവസങ്ങളായി വായു മലിനീകരണത്തിൽ വലയുകയാണ്.
സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം നടപ്പാക്കാൻ ശ്രമിക്കണമെന്നും കെജ്രിവാൾ നിർദേശം നൽകി. നേരത്തെ, രണ്ടാഴ്ച ലോക്ഡൗൺ നടപ്പാക്കിക്കൂടെയെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.