ഡൽഹിയിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ വരെ പിഴ ചുമത്തുമെന്ന് അധികൃതർ
text_fieldsന്യുഡൽഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതിനിടെ നിയന്ത്രണങ്ങൾ കർശമനാക്കി അധികൃതർ. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 500 രൂപ വരെ പിഴ ചുമത്താന്‍ ഉദ്ദേശിക്കുന്നതായി ഡൽഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പൊതുസ്ഥലത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുമെന്നും സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.
ക്യാമ്പസുകളിൽ കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ മാർഗനിർദ്ദേശങ്ങൾ വിദഗ്ധരുമായി ചർച്ച ചെയ്തതിന് ശേഷം പുറപ്പെടുവിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കോവിഡ് പരിശോധനകൾ വേഗത്തിലാക്കേണ്ടതിനെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തതായി അവർ പറഞ്ഞു. ഡൽഹിയിൽ കോവിഡ് വാക്സിനേഷന്‍ വേഗത വർധിപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ഡല്‍ഹിക്ക് പുറമെ, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ജാഗ്രതാ നിര്‍ദേശം നൽകിയിരുന്നു. രോഗബാധ ഉയരുന്ന പ്രദേശങ്ങളിലെ ക്ലസ്റ്ററുകള്‍ നിരീക്ഷിക്കാനും ജീനോം സീക്വന്‍സിങ് തീവ്രമാക്കാനും ആശുപത്രികളിലെ കടുത്ത അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങൾ, ഇന്‍ഫ്‌ലുവന്‍സ കേസുകള്‍ എന്നിവ നിരീക്ഷിക്കാനുമാണ് ജാഗ്രതാ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.