ഡൽഹിയിൽ ശൈത്യകാലത്ത് പ്രതിദിനം 15,000 കോവിഡ് രോഗികളുണ്ടാകും -എൻ.സി.ഡി.സി
text_fieldsന്യൂഡൽഹി: ശൈത്യകാലത്ത് കോവിഡ് കേസുകള്‍ കൂടാനിടയുണ്ടെന്ന മുന്നറിയിപ്പുമായി നാഷണല്‍ സെൻറർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എൻ.സി.ഡി.സി). ഡൽഹിയിൽ ശൈത്യകാലത്ത് പ്രതിദിനം 15,000 വരെ കോവിഡ് കേസുകളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഈ കാലാവസ്ഥയിൽ രോഗലക്ഷണങ്ങൾ മോശമായേക്കാമെന്നുമാണ് എൻ.സൻ.സി.ഡി.സി മുന്നറിയിപ്പ് നൽകുന്നത്. രൂക്ഷമായ രോഗലക്ഷണങ്ങളുള്ള, വിദഗ്ധ ചികിത്സ ആവശ്യമുള്ള രോഗികളുടെ എണ്ണം കൂടുമെന്നും അത് നേരിടാൻ സർക്കാർ സജ്ജമാകണമെന്നുമാണ് എൻ.സി.ഡി.സി റിപ്പോർട്ട്.
വായുമലിനീകരണവും തണുപ്പും മൂലം നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാലത്ത് ഡൽഹി വാസികൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൂടുതലാണ്. ഈ കാലയളവിൽ ഉത്സവങ്ങളുമായി ബന്ധപ്പെട്ട കൂടിച്ചേരലുകളും പുറത്തുനിന്നു രോഗികളുടെ വരവും പ്രതിസന്ധി രൂക്ഷമാക്കിയേക്കാം എന്നും എൻ.സി.ഡി.സി പറയുന്നു.
നീതി ആയോഗ് അംഗവും ആരോഗ്യവിദഗ്ധനുമായ ഡോ.വി കെ പോള്‍ ചെയര്‍മാനായ വിദഗ്ധ സമിതിയുടേതാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലുള്ളതും മധ്യവർത്തി സ്വഭാവമുള്ളതുമായ കേസുകളിൽ, രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ഡൽഹി സർക്കാരിനോട് സമിതി ആവശ്യപ്പെട്ടു. ദുർഗാ പൂജ, ദസ്റ തുടങ്ങിയ ആഘോഷങ്ങൾ പരിമിതമായി നടത്താൻ മതനേതാക്കൾക്ക് നിർദേശം നൽകണമെന്നും വലിയ കൂട്ടംചേരലുകൾ ഒഴിവാക്കണമെന്നും നിർദേശിക്കുന്നുണ്ട്.
ഡൽഹിയിൽ കോവിഡ് മരണ നിരക്ക് 1.9 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. കോവിഡ് മരണനിരക്ക് പരമാവധി കുറക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്ധ സമിതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.