ഒമിക്രോൺ കേസുകൾ കൂടുന്നു; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂവും കടുത്ത നിയന്ത്രണങ്ങളും
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി ഡൽഹി. ഒമിക്രോൺ കേസുകളുടെ എണ്ണം വർധിച്ചതോടെയാണ് കൂടുതൽ നിയന്ത്രണം. വെള്ളിയാഴ്ച രാത്രി പത്തുമുതൽ തിങ്കളാഴ്ച രാവിലെ അഞ്ചുവരെയാണ് കർഫ്യൂ.
സർക്കാർ ഓഫിസുകളിൽ ഉൾപ്പെടെ വർക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കും. അവശ്യ സേവനങ്ങൾക്ക് മാത്രമാകും അനുമതി നൽകുകയെന്നാണ് വിവരം. ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ യോഗത്തിലാണ് പുതിയ നിയന്ത്രണ തീരുമാനം. തുടർച്ചയായ രണ്ടുദിവസവും പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിന് മുകളിലായതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും. മാളുകൾ, സലൂണുകൾ, പൊതുഗതാഗതം, വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവക്ക് നിയന്ത്രണം ഏർപ്പെടുത്തും.
ജനുവരി പകുതിയോടെ ഡൽഹിയിൽ പ്രതിദിനം 25,000 കേസുകൾ റിപ്പോർട്ട് ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധരുടെ കണക്കുകൂട്ടൽ. ജനുവരി എട്ടോടെ രോഗബാധിതരുടെ എണ്ണം 8000ത്തിനും 9000ത്തിനും ഇടയിലാകും. എയിംസിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ആശങ്ക സൃഷ്ടിക്കുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് നിലവിൽ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളാണ് പടർന്നുപിടിക്കുന്നത്. രണ്ടുമൂന്നുദിവസത്തിനിടെ 50ഓളം പേരെ എയിംസിൽ പ്രവേശിപ്പിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
24 മണിക്കൂറിനിടെ 4099 പേർക്കാണ് പുതുതായി ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 6.4 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. ഇത് 2021 മേയ് മാസത്തിന് ശേഷം ഏറ്റവും ഉയർന്ന നിരക്കാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഡിസംബർ 29 മുതൽ ലെല്ലോ അലർട്ടായിരുന്നു ഡൽഹിയിൽ. തുടർന്ന് ജിമ്മുകൾ, തിയറ്ററുകൾ തുടങ്ങിയവ അടച്ചിടുകയും കടകൾ ഒന്നിടവിട്ട് തുറക്കാൻ അനുവാദം നൽകുകയും ചെയ്തിരുന്നു. മെട്രോ ട്രെയിനുകളിലും ബസുകളിലും പകുതിപേർക്ക് മാത്രമായിരുന്നു പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.