ഇഖ്ബാലിനെക്കുറിച്ച് പഠിക്കേണ്ടെന്ന് ഡൽഹി സർവകലാശാല
text_fieldsന്യൂഡൽഹി: രാജ്യസ്നേഹം തുളുമ്പുന്ന ‘സാരേ ജഹാന് സേ അച്ഛാ’ രചിച്ച വിഖ്യാത ഉർദു കവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം സിലബസില്‍നിന്ന് നീക്കംചെയ്യാനൊരുങ്ങി ഡല്‍ഹി സർവകലാശാല.
ബി.എ പൊളിറ്റിക്കല്‍ സയൻസ് ആറാം സെമസ്റ്ററിൽ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ച് പഠിപ്പിക്കുന്ന അധ്യായം സിലബസിൽനിന്ന് നീക്കംചെയ്യണമെന്ന പ്രമേയം വെള്ളിയാഴ്ച ചേർന്ന സര്‍വകലാശാല അക്കാദമിക് കൗൺസില്‍ പാസാക്കി. ജൂൺ ഒമ്പതിന് ചേരുന്ന അക്കാദമിക കൗൺസില്‍ യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.
‘ഇന്ത്യയെ തകര്‍ക്കാന്‍ അടിത്തറയിട്ടവര്‍’ സിലബസില്‍ ഉണ്ടാകരുതെന്നും മുഹമ്മദ് ഇഖ്ബാലാണ് ഇന്ത്യ വിഭജനമെന്ന ആശയം ആദ്യം ഉയർത്തിയതെന്നും ഡൽഹി സർവകലാശാല വൈസ് ചാന്‍സലര്‍ പ്രഫസര്‍ യോഗേഷ് സിങ് പറഞ്ഞു. ഇത്തരത്തിലുള്ള ആളുകളെക്കുറിച്ച് പഠിക്കുന്നതിനു പകരം രാജ്യത്തെ ഹീറോകളെ കുറിച്ചാണ് പഠിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ബി.എ പൊളിറ്റിക്കൽ സയൻസിന്റെ ആറാം സെമസ്റ്ററിന്റെ ഭാഗമായി മുഹമ്മദ് ഇഖ്ബാൽ, റാംമോഹൻ റോയ്, പണ്ഡിത രമാഭായി, സ്വാമി വിവേകാനന്ദൻ, മഹാത്മാ ഗാന്ധി, ഭീംറാവു അംബേദ്കർ എന്നിവരടക്കം ചിന്തകരെ സംബന്ധിക്കുന്ന 11 പാഠഭാഗങ്ങളാണുള്ളത്. അതിൽ മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുളള അധ്യായമാണ് നീക്കുന്നത്.
അക്കാദമിക് കൗൺസിൽ പ്രമേയത്തെ സ്വാഗതംചെയ്ത് ആർ.എസ്.എസിന്റെ വിദ്യാർഥി സംഘടനയായ എ.ബി.വി.പി രംഗത്തുവന്നു. മതഭ്രാന്തനായ ഇഖ്ബാല്‍ ഇന്ത്യയുടെ വിഭജനത്തിന് ഉത്തരവാദിയാണെന്നും ജിന്നയെ മുസ്ലിം ലീഗിന്റെ നേതാവായി ഉയർത്തിയതിൽ പ്രധാന പങ്കു വഹിച്ചത് മുഹമ്മദ് ഇഖ്ബാലാണെന്നും എ.ബി.വി.പി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു .
അതിനിടെ, സ്വാതന്ത്ര്യസമരവും ഇന്ത്യ-പാക് വിഭജനവും മുഖ്യപാഠ്യവിഷയമാക്കി ഗവേഷണസ്വഭാവത്തിലുള്ള കേന്ദ്രം സ്ഥാപിക്കാനുള്ള നടപടികളും ഡൽഹി സർവകലാശാല ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.