ഡൽഹി കലാപം: പ്രഫസർ അപൂർവാനന്ദിനെ ചോദ്യം ചെയ്തു, ഫോൺ പിടിച്ചെടുത്തു
text_fieldsന്യൂഡൽഹി: ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി സർവകലാശാലയിലെ പ്രഫസർ അപൂർവാനന്ദിനെ പൊലീസ് ചോദ്യം ചെയ്തു. അന്വേഷണത്തിെൻറ ഭാഗമായി പൊലീസ് തെൻറ ഫോൺ പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു. അഞ്ച് മണിക്കൂറോളം സമയമാണ് അപൂർവാനന്ദിനെ പൊലീസ് ചോദ്യം ചെയ്തത്.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കും ദേശീയ ജനസംഖ്യ പട്ടികക്കുമെതിരെ ഭരണഘടനാപരമായ മാർഗത്തിലൂടെ പ്രതിഷേധിച്ചവരേയും അവരെ പിന്തുണക്കുന്നവരേയും പൊലീസ് പീഡിപ്പിക്കുകയും ഇരയാക്കുകയും ചെയ്യരുതെന്ന് അപൂർവാനന്ദ് പ്രസ്താവനയിൽ പറഞ്ഞു.
നീതിയുക്തവും സമഗ്രവുമായ അന്വേഷണം നടത്താനുള്ള പൊലീസ് അധികാരികളുടെ അവകാശത്തെ ബഹുമാനിക്കുകയും അതിനോട് സഹകരിക്കുകയും ചെയ്യുമ്പോൾ, പൗരന്മാരുടെ സമാധാനപരമായ പ്രതിഷേധത്തിനും വടക്കു കിഴക്കൻ ഡൽഹിയിലെ ജനങ്ങൾക്കും നേരെ അക്രമം അഴിച്ചുവിട്ട യഥാർഥ അക്രമികളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കാനേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധക്കാരെ പിന്തുണക്കുന്നവരെ അക്രമത്തിെൻറ ഉറവിടമായി കൈകാര്യം ചെയ്യുന്ന പുതിയ തിയറി ഉരുത്തിരിഞ്ഞു വരുന്നത് ഏറെ അസ്വസ്ഥമാക്കുന്നുവെന്നും അപൂർവാനന്ദ് ചൂണ്ടിക്കാട്ടി.
ഡൽഹി സർവകലാശാലയിലെ ഹിന്ദി പ്രഫസറാണ് അപൂർവാനന്ദ്. ഡൽഹി അക്രമവുമായി ബന്ധപ്പെട്ട് കൃത്യവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അക്രമത്തിൽ 53 പേർക്ക് ജീവൻ നഷ്ടമാവുകയും നൂറു കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.