ഡൽഹി കലാപം: ആശങ്ക അറിയിച്ച് ലോക രാജ്യങ്ങൾ
text_fieldsവാഷിങ്ടൺ/ന്യൂഡൽഹി: ഡൽഹി കലാപത്തിൽ കടുത്ത ആശങ്ക അറിയിച്ച് ലോക രാജ്യങ്ങൾ. ആൾ ക്കൂട്ട ആക്രമണങ്ങളിൽനിന്ന് മുസ്ലിംകൾക്കും മറ്റു ദുർബല വിഭാഗങ്ങൾക്കും സംരക്ഷണ ം നൽകാൻ ഇന്ത്യൻ സർക്കാർ ഗൗരവമായി ശ്രമിക്കണമെന്ന് മതസ്വാതന്ത്ര്യത്തിനുള്ള യു.എസ ് ഏജൻസി ആവശ്യപ്പെട്ടപ്പോൾ മുസ്ലിംകൾക്കും സ്വത്തുക്കൾക്കും പള്ളികൾക്കും നേരെ നടന്ന ഭീതിജനക ആക്രമണത്തെ അപലപിക്കുന്നതായി ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ സഖ്യം (ഒ.ഐ.സി) അറിയിച്ചു. കലാപങ്ങളിലെ മരണങ്ങളിൽ ദുഃഖം രേഖപ്പെടുത്തുന്നതായി യു.എൻ സെക്രട്ടറി ജനറൽ ആേൻറാണിയോ ഗുട്ടെറസ് വ്യക്തമാക്കി. അക്രമം അമർച്ച ചെയ്യുന്നതിലെ ഡൽഹി പൊലീസിെൻറ അനാസ്ഥയിൽ യു.എൻ മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ മിഷേൽ ബാച്ചലേ ആശങ്ക അറിയിച്ചു.
സ്വന്തം പൗരന്മാർക്ക് വിശ്വാസം പരിഗണിക്കാതെ ആക്രമണങ്ങളിൽനിന്ന് സംരക്ഷണം നൽകാൻ ഇന്ത്യൻ സർക്കാർ തയാറാവണമെന്ന് മതസ്വാതന്ത്ര്യത്തിനുള്ള യു.എസ് കമീഷൻ (യു.എസ്.സി.ഐ.ആർ.എഫ്) അധ്യക്ഷൻ ടോണി പെർകിൻസ് ആവശ്യപ്പെട്ടു. മുസ്ലിംകളുടെ വീടുകളും കടകളും ആരാധനാലയങ്ങളും തകർക്കപ്പെടുന്നത് അതി ഗൗരവതരമാണ്. അത്യന്തം ക്രൂരവും അനിയന്ത്രിതവുമായ ആക്രമങ്ങൾ തുടരാൻ അനുവദിക്കരുതെന്ന് സി.ഐ.ആർ.എഫ്. കമീഷണർ അരുണിമ ഭാർഗവയും ആവശ്യപ്പെട്ടു.
ഡൽഹിയിലേത് മുസ്ലിം വിരുദ്ധ കലാപമാണെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു. അങ്ങേയറ്റം ഹീനമായ അക്രമമാണ് ഡൽഹിയിൽ നടന്നത്. മുസ്ലിം പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകണമെന്നും ഒ.ഐ.സി മോദി സർക്കാറിനോട് അഭ്യർഥിച്ചു.
ഇന്ത്യൻ തലസ്ഥാനത്ത് നടന്നത് ഹിന്ദുക്കൾ നടത്തിയ മുസ്ലിം കൂട്ടക്കൊലയാണെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ ആരോപിച്ചു.
അതേസമയം, ഒ.ഐ.സി പ്രസ്താവന അപക്വവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ജനങ്ങൾക്ക് ആത്മ വിശ്വാസം നൽകാനും സാധാരണ നില പുനഃസ്ഥാപിക്കാനും ശ്രമിക്കുന്നുണ്ട്. അതിനിടക്ക് ഒ.ഐ.സിയെ പോലുള്ള സംഘടന നിരുത്തരവാദ പ്രസ്താവന നടത്തരുതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.