ഡൽഹി കലാപം ഒാർമിക്കപ്പെടുക പൊലീസിെൻറ വീഴ്ച്ചകളുടെ പേരിൽ; ഇരകൾക്ക് നീതി ലഭിച്ചില്ല -കോടതി
text_fieldsന്യൂഡൽഹി: ശരിയായ അന്വേഷണം നടത്തുന്നതിൽ പരാജയപ്പെട്ട പോലീസിെൻറ വീഴ്ച്ചകളുടെ പേരിലാവും ഡൽഹി കലാപം ഒാർമിക്കപ്പെടുകയെന്ന് കോടതി. അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിക്കുന്നതിൽ വീഴ്ച്ചവരുത്തിയതിനാൽ കേസുകളിൽ പ്രതികളായ പലരും 18 മാസത്തിലേറെയായി കസ്റ്റഡിയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2020 ഫെബ്രുവരിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നീതിപൂർവകമായ അന്വേഷണം നടത്തുന്നതിലും ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിലും ദേശീയ തലസ്ഥാനത്തെ പോലീസ് പരാജയപ്പെട്ടുവെന്നും ഡൽഹി കോടതി വ്യാഴാഴ്ച നിരീക്ഷിച്ചു.
'വിഭജനത്തിനു ശേഷം ഡൽഹി സാക്ഷ്യംവഹിച്ച ഏറ്റവും മോശം വർഗീയ കലാപത്തിലേക്ക് ചരിത്രത്തിൽ നിന്ന് തിരിഞ്ഞുനോക്കുമ്പോൾ, അന്വേഷണ ഏജൻസിയുടെ പരാജയമാകും തെളിഞ്ഞുനിൽക്കുക എന്ന് പറയാതിരിക്കാനാവില്ല. ശാസ്ത്രീയമായി അന്വേഷണം നടത്താനോ ഇരകൾക്ക് നീതി ലഭ്യമാക്കാനോ ഡൽഹി പൊലീസിന് കഴിഞ്ഞില്ല'-അഡീഷണൽ സെഷൻസ് ജഡ്ജ് വിനോദ് യാദവ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ഷാ ആലം, റാഷിദ് സൈഫി, ഷദാബ് എന്നിവരെ വിട്ടയച്ചുകൊണ്ടുള്ള കോടതി ഉത്തരവിലാണ് ന്യായാധിപൻ ഇങ്ങിനെ പറഞ്ഞത്.
ഡൽഹി അക്രമവുമായി ബന്ധപ്പെട്ട കേസുകളിൽ ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈെൻറ സഹോദരനാണ് ഷാ ആലം. വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ കലാപത്തിൽ നിയമവിരുദ്ധമായ ഒത്തുചേരൽ, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ആലം, സെയ്ഫി, ഷദാബ് എന്നിവർക്കെതിരെ കേസെടുത്തത്. ഡൽഹി കലാപത്തിൽ 53 പേർ മരിക്കുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് അനുബന്ധ കുറ്റപത്രങ്ങൾ സമർപ്പിക്കുന്നതിലും അന്വേഷണം നടത്തുന്നതിലും വീഴ്ച്ചവരുത്തിയതിനാൽ വിചാരണ ആരംഭിക്കാൻപോലുമാകാതെ ധാരാളം പ്രതികൾ ഒന്നര വർഷമായി കസ്റ്റഡിയിലുണ്ടെന്ന് കോടതി പറഞ്ഞു.
കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 750 കേസുകളിൽ 35 എണ്ണത്തിൽ മാത്രമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.'ഈ കേസുകൾ പരിഗണിക്കുന്നതിനാൽ കോടതിയുടെ വിലപ്പെട്ട സമയം പാഴാകുകയാണ്. പൊലീസ് ഒരു അന്വേഷണവും സംഭവങ്ങളിൽ നടത്തിയിട്ടില്ല'-ജഡ്ജി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.