123 വഖഫ് സ്വത്തുക്കൾ കേന്ദ്രം ഏറ്റെടുക്കുന്നതിനെതിരെ ഡൽഹി വഖഫ് ബോർഡ് സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ പള്ളികളും ഖബർസ്ഥാനുകളും മദ്റസകളും ദർഗകളും അടക്കം 123 വഖഫ് സ്വത്തുക്കൾ കേന്ദ്ര സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ ഡൽഹി വഖഫ് ബോർഡ് സുപ്രീംകോടതിയിൽ. കേന്ദ്രം ഏറ്റെടുക്കുമെന്നു പറഞ്ഞ വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഡൽഹി ഹൈകോടതി മുമ്പാകെ വഖഫ് ബോർഡ് നൽകിയ ഹരജി നിലനിൽക്കെയാണ് നിയമവിരുദ്ധമായ നടപടിയെന്ന് ബോർഡ് ബോധിപ്പിച്ചു.
ഡൽഹി വഖഫ് ബോർഡിന്റെ നിയന്ത്രണത്തിലുള്ള 123 വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാൻ കേന്ദ്ര നഗരവികസന വകുപ്പ് തീരുമാനിച്ച വിവരം കത്തിലൂടെയാണ് ഡെപ്യൂട്ടി ഭൂ വികസന ഓഫിസർ ഈ മാസം എട്ടിന് വഖഫ് ബോർഡിനെ അറിയിച്ചത്.
ഡൽഹി ഹൈകോടതി നിർദേശപ്രകാരം വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാൻ ഉണ്ടാക്കിയ റിട്ട. ജസ്റ്റിസ് എസ്.പി. ഗാർഗ് അധ്യക്ഷനായ രണ്ടംഗ കമ്മിറ്റി മുമ്പാകെ ഡൽഹി വഖഫ് ബോർഡ് ആക്ഷേപങ്ങളൊന്നുമുന്നയിച്ചില്ലെന്ന് കേന്ദ്ര സർക്കാർ ബോർഡിനയച്ച കത്തിലുണ്ട്. എന്നാൽ, വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാൻ ഒരു നിലക്കും അനുവദിക്കില്ലെന്ന് ആം ആദ്മി പാർട്ടി എം.എൽ.എയും ഡൽഹി വഖഫ് ബോർഡ് ചെയർമാനുമായ അമാനതുല്ല ഖാൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.