ഡൽഹി ജലക്ഷാമം: പ്രധാനമന്ത്രി ഇടപെടണമെന്ന് അതിഷി, പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിരാഹാര സമരം
text_fieldsന്യൂഡൽഹി: ജലക്ഷാമം രൂക്ഷമായ ഡൽഹിയിൽ പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചെന്ന് ജലവിഭവ മന്ത്രി അതിഷി മർലേന. പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കിൽ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും മന്ത്രി പറഞ്ഞു.
“ജലക്ഷാമം പരിഹരിക്കാൻ ഞങ്ങളാൽ കഴിയുന്ന എല്ലാ മാർഗവും സ്വീകരിച്ചു. ഹരിയാന സർക്കാരിനെയും സുപ്രീംകോടതിയെയും സമീപിച്ചു. കേന്ദ്ര ജലശക്തി മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഡൽഹിയിൽ നിന്നുള്ള ഉന്നതതല സമിതി ഹരിയാന സർക്കാരുമായി ചർച്ച ചെയ്തെങ്കിലും അവർ ജലം വിട്ടുനൽകില്ലെന്ന നിലപാടിൽ തന്നെയാണ്. ഡൽഹി നിവാസികളുടെ സഹനം എല്ലാ പരിധിയും കടന്നിരിക്കുന്നു. ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഡൽഹിക്ക് ആവശ്യമായ ജലം ലഭ്യമാക്കിയില്ലെങ്കിൽ, അതിനു വേണ്ടി ഞാൻ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും” -അതിഷി പറഞ്ഞു.
മുൻപില്ലാത്ത വിധം ഉഷ്ണതരംഗം രൂക്ഷമായതാണ് ഡൽഹിയിൽ ജലക്ഷാമം സൃഷ്ടിച്ചത്. മൂന്നുകോടി ആളുകൾ വസിക്കുന്ന ഡൽഹിയിൽ ദിവസം 1050 ദശലക്ഷം ഗ്യാലൻ വെള്ളം മാത്രമാണ് ലഭിക്കുന്നതെന്ന് അതിഷി പറഞ്ഞു. സാമ്പത്തിക സർവേ കണക്കുകൾ പ്രകാരം ദിവസം 1290 ദശലക്ഷം ഗ്യാലൻ ജലമാണ് ഡൽഹിയിൽ ആവശ്യമായുള്ളത്. ശുദ്ധ ജലം ആവശ്യത്തിന് ലഭ്യമാക്കാൻ ഹരിയാന ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളെയാണ് ഡൽഹി ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.