സഫൂറക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിനെതിരെ വനിതാ കമീഷൻ
text_fieldsന്യൂഡൽഹി: ജാമിയ മിലിയ വിദ്യാർഥി സഫൂറ സർഗാറിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചരണത്തിനെതിരെ ഡൽഹി വനിതാ കമീഷൻ. സഫൂറയെ അപമാനിക്കുന്ന വ്യക്തികളുടെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ പൊലീസ് കമീഷണറെ സമീപിച്ചിട്ടുള്ളത്. സഫൂറക്കെതിരെ അപവാദ പ്രചരണം നടത്തിയവരുടെ പേരുവിവരങ്ങൾ, അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, സമൂഹമാധ്യമം വഴി അപവാദ പ്രചാരണം നടത്തിയതിന് പൊലീസ് സ്വീകരിച്ച നടപടികൾ എന്നിവയെക്കുറിച്ച് വിശദീകരണം നൽകാനാണ് കമീഷണർക്ക് നൽകിയ കത്തിൽ അധ്യക്ഷ ആവശ്യപ്പെടുന്നത്.
സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജാഫറബാദ് സ്റ്റേഷനിൽ ഗതാഗത തടസ്സം ഉണ്ടാക്കി എന്നാരോപിച്ചുകൊണ്ടാണ് യു.എ.പി.എ ചുമത്തി ഏപ്രിൽ 13ന് സഫൂറയെ ജയിലലിടച്ചത്. ഇതിനുശേഷം
സഫൂറയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇതേക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതായും കമീഷൻ അധ്യക്ഷ അറിയിച്ചു. മൂന്ന് മാസം ഗർഭിണിയായ സഫൂറയുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുവരെ അധിക്ഷേപകരമായ പ്രചാരണങ്ങളാണ് നടക്കുന്നത്. സഫൂറയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകൾ സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണ്.
സഫൂറക്കെതിരായ ചുമത്തപ്പെട്ട കുറ്റങ്ങൾ നിയമത്തിന്‍റെ വഴിക്ക് നടക്കട്ടെ. അതിന്‍റെ പേരിൽ ജയിലിടക്കപ്പെട്ട സ്ത്രീയുടെ അന്തസ്സിനെയും ആത്മാഭിമാനത്തേയും ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും സ്വാതി മാലിവാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.