ഹെറോയിനുമായി ഡൽഹിയിലെ ‘ലേഡി ഡോൺ’ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘത്തലവൻ ഹാഷിം ബാബയുടെ ഭാര്യ ലേഡി ഡോൺ എന്നറിയപ്പെടുന്ന സോയ ഖാൻ അറസ്റ്റിൽ. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 270 ഗ്രാം ഹെറോയിൻ ഇവരിൽനിന്ന് പിടിച്ചെടുത്തു. ഹാഷിം ബാബ ജയിലിലായതിന് ശേഷം ഗുണ്ടാ സംഘത്തിന്റെ പ്രവർത്തനങ്ങൾ സോയയാണ് നിയന്ത്രിച്ചിരുന്നത്. ഇവരുടെ സംഘം കൊള്ളയടിക്കൽ, മയക്കുമരുന്ന് വിതരണം എന്നീ കുറ്റകൃത്യങ്ങൾ നടത്തുന്നതായി പൊലീസിന് വിവരമുണ്ടായിരുന്നു.
സോയ വളരെക്കാലമായി പൊലീസിന്റെ നീരിക്ഷണത്തിലായിരുന്നു. ഡല്‍ഹിയിലെ വെല്‍ക്കം കോളനിയില്‍ റെയ്ഡ് നടത്തിയാണ് ഇവരെ പൊലീസ് പിടികൂടിയത്. സോയയുടെ ഭർത്താവായ ഹാഷിം ബാബക്കെതിരെ കൊലപാതകം, കൊള്ള, തുടങ്ങിയ കേസുകൾ നിലവിലുണ്ട്.
തിഹാർ ജയിലിൽ കഴിയുന്ന ഭർത്താവിനെ സോയ ഇടക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. സംഘത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഹാഷിം ബാബ കോഡ് ഭാഷയിൽ ഇവർക്ക് പരിശീലനം നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. ജിം ഉടമയായ നാദിർ ഷാ വധക്കേസിൽ ഉൾപ്പെട്ട വെടിവെപ്പുകാർക്ക് സോയ അഭയം നൽകിയതായും പൊലീസ് സംശയിക്കുന്നുണ്ട്. നാദിർ ഷാ 2024 സെപ്റ്റംബറിലാണ് വെടിയേറ്റ് മരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.