ജമ്മു-കശ്മീരിലെ മണ്ഡല പുനർനിർണയം: കാലാവധി രണ്ടു മാസത്തേക്കുകൂടി നീട്ടി
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിലെ നിയമസഭ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ ചുമതലപ്പെടുത്തിയ മണ്ഡല പുനർനിർണയ സമിതിയുടെ കാലാവധി രണ്ടു മാസത്തേക്കുകൂടി നീട്ടി. കാലാവധി മാർച്ച് ആറിന് അവസാനിക്കേണ്ടതായിരുന്നു. തിങ്കളാഴ്ച നിയമ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, മേയ് ആറു വരെയാണ് പുതിയ കാലാവധി.
അന്തിമ റിപ്പോർട്ട് തയാറാക്കാൻ കൂടുതൽ സമയം വേണ്ടതിനാലാണ് തീരുമാനം എന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ പ്രതികരണം. 2020 മാർച്ചിൽ രൂപവത്കരിച്ച സമിതിക്ക് കഴിഞ്ഞ വർഷം ഒരു വർഷത്തേക്ക് കാലാവധി നീട്ടിനൽകിയിരുന്നു. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയാണ് സമിതി അധ്യക്ഷ. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുശീൽ ചന്ദ്രയും ജമ്മു-കശ്മീർ തെരഞ്ഞെടുപ്പ് കമീഷണർ അംഗങ്ങളുമാണ്.
കശ്മീരിൽ നിലവിൽ നിയമസഭയില്ല. നിയമസഭക്ക് വ്യവസ്ഥയുള്ള കേന്ദ്രഭരണ പ്രദേശമാണിത്. അസോസിയേറ്റ് അംഗങ്ങളോട് വരും ദിവസങ്ങളിൽ കരട് രേഖയിൽ അഭിപ്രായങ്ങളും എതിർപ്പുകളും അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൂടി പരിഗണിച്ചാകും അന്തിമ ശിപാർശ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.