ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയത് ഡെൽറ്റ വകഭേദമെന്ന് പഠന റിപ്പോർട്ട്
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമാക്കിയത് കൊറോണ വൈറസിന്‍റെ ഡെൽറ്റ വകഭേദം ആണെന്ന് പഠനറിപ്പോർട്ട്. ബ്രിട്ടണിൽ സ്ഥിരീകരിച്ച ആൽഫ വകഭേദത്തേക്കാൾ അതിതീവ്രവ്യാപന ശേഷിയാണ് ഡൈൽറ്റക്ക് ഉള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതിതീവ്രവ്യാപന ശേഷിയുള്ളതെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തിയ ബി.1.617.2 സ്ട്രെയിൻ ഡെൽറ്റ വകഭേദമാണ് ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്‍റെ അതിവേഗ വ്യാപനത്തിന് കാരണമായത്. ഡെല്‍റ്റ വകഭേദത്തിന്‍റെ വ്യാപനത്തിന്‍റെ തോത് യു.കെയിലെ കെന്‍റിൽ ആദ്യമായി സ്ഥിരീകരിച്ച ആല്‍ഫയെക്കാള്‍ 50 ശതമാനത്തില്‍ അധികമാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ സാര്‍സ് കോവ്2 ജീനോമിക് കണ്‍സോര്‍ഷ്യവും നാഷനല്‍ സെന്‍റര്‍ ഓഫ് ഡിസീസ് കണ്‍ട്രോളുമാണു രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തെ കുറിച്ച് പഠനം നടത്തിയത്.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജീനോമിക് സീക്വന്‍സിങ് വഴി 12,200ല്‍ അധികം ആശങ്കയുയര്‍ത്തുന്ന കോവിഡ് വകഭേദങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, ഡെല്‍റ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റു വകഭേദങ്ങളുടെ സാന്നിധ്യം രാജ്യത്ത് വളരെ കുറവാണ്. അതേസമയം, രണ്ടാം തരംഗത്തില്‍ കണ്ടെത്തിയ ഭൂരിഭാഗം വകഭേദങ്ങള്‍ക്കും ഡെല്‍റ്റയുടെ സ്വഭാവമാണുള്ളത്.
എല്ലാ സംസ്ഥാനങ്ങളിലും ഇതിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ന്യൂഡല്‍ഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലാണ് രണ്ടാംഘട്ടത്തില്‍ ഡെൽറ്റയുടെ രൂക്ഷ വ്യാപനം ഉണ്ടായത്. വാക്‌സിന്‍ എടുത്ത ആളുകളില്‍ ഉണ്ടാകുന്ന വ്യാപനത്തിലും ഡെല്‍റ്റ വകഭേദം വലിയതോതില്‍ കാരണമാകുന്നുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ വീണ്ടും കോവിഡ് വ്യാപനം ഉണ്ടാക്കാന്‍ ആല്‍ഫ വകഭേദത്തിനു കഴിഞ്ഞതായി കണ്ടെത്തിയിരുന്നില്ല.
അതേസമയം, രോഗികളുടെ നില അതീവ ഗുരുതരമാക്കിയതിനും മരണത്തിനും കാരണം ഡെല്‍റ്റ വകഭേദമാണെന്നതിന് തെളിവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 29,000 സാമ്പിളുകളുടെ ജീനോം സീക്വന്‍സിങ് ആണ് പഠനത്തിനുവേണ്ടി നടത്തിയത്. ഇതില്‍ 8,900 സാമ്പിളുകളിലാണ് ബി.1.617.2 കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.