കുടക് വഴിയുള്ള ഹാസൻ- കേരള ദേശീയപാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യം
text_fieldsബംഗളൂരു: കുടക് വഴി കടന്നുപോവുന്ന നിർദിഷ്ട ഹാസൻ -കേരള നാലുവരി പാത പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യം. ഹാസൻ- കേരള പാതയടക്കം കുടകിന്‍റെ പരിസ്ഥിതിയെയും കാവേരി നദിയെയും ദോഷകരമായി ബാധിക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്ന് സേവ് കുടക് ആൻഡ് സേവ് കാവേരി പ്രസ്ഥാനത്തിന്‍റെ കൺവീനർ റിട്ട. കേണൽ സി.പി. മുത്തണ്ണ മടിക്കേരിയിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കൂർഗ് വൈൽഡ്ലൈഫ് സൊസൈറ്റി മുൻ പ്രസിഡന്‍റ് കൂടിയാണ് മുത്തണ്ണ. വികസനത്തിന്‍റെ പേരിൽ വനങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതോടെ വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലിറങ്ങുകയും കൃഷി നശിപ്പിക്കുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്യുന്നത് പതിവാകുന്നതിനിടെയാണ് പ്രകൃതിയെ നശിപ്പിക്കുന്ന വികസന പദ്ധതികളുമായി രാഷ്ട്രീയക്കാർ വീണ്ടും രംഗത്തുവരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കരികെ ജലവൈദ്യുതി പദ്ധതിക്കായി ചിക്ളി ഹോളെ അണക്കെട്ടിന്‍റെയും ഹാരംഗി അണക്കെട്ടിന്‍റെയും പരിസരത്ത് വൻതോതിൽ വനനശീകരണം നടന്നിരുന്നു. മൈസൂരു- കോഴിക്കോട് ഹൈടെൻഷൻ വൈദ്യുതി ലൈനിനായി പൂർണ വളർച്ചയെത്തിയ ലക്ഷക്കണക്കിന് മരങ്ങളാണ് മുറിച്ചുനീക്കിയത്. മൈസൂരുവിൽനിന്ന് കുശാൽനഗറിലേക്ക് നാലുവരി പാതയുടെ നിർമാണം നടക്കുകയാണ്. ഭാവിയിൽ മംഗളൂരുവുമായും കേരളവുമായും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൈസൂരുവിൽനിന്ന് കുശാൽനഗറിലേക്ക് റെയിൽപാത വരാനിരിക്കുകയാണ്. ഹാസൻ ജില്ലയിലെ ചന്നരായപട്ടണയിൽനിന്ന് കൊട്ലിപേട്ട്, മടിക്കേരി, മാക്കൂട്ട ചുരം നാലുവരി ദേശീയപാതയും വിഭാവനയിലുണ്ട്.
കുടക് പോലെയുള്ള അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ചെറിയ ജില്ലയിലൂടെയാണ് ഇത്തരം വൻകിട പദ്ധതികൾ തുടർച്ചയായി കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതിന്‍റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി.
വനസംരക്ഷണത്തിനായി സ്ഥലം എം.പി പ്രതാപ് സിംഹ താൽപര്യം കാണിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, ഹാസൻ - കേരള ഹൈവേ പദ്ധതി ഉപേക്ഷിക്കാൻ എം.പി സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു. ഫീൽഡ് മാർഷൽ കരിയപ്പ ആൻഡ് ജനറൽ തിമ്മയ്യ ഫോറം പ്രതിനിധി റിട്ട. മേജർ ബിദ്ദണ്ട നഞ്ചപ്പ, കാവേരി സേന പ്രസിഡന്‍റ് രവി ചെങ്കപ്പ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.