കോവിഡ് കാലത്ത് ആവശ്യം വർധിച്ചു; ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ശമ്പളവർധനവ് 40 ശതമാനം വരെ
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരി ഇന്ത്യയിലുടനീളമുള്ള നിയമന പ്രക്രിയകളെ ബാധിക്കുന്നുണ്ടെങ്കിലും, പുതിയ സാഹചര്യം വിദഗ്ധ പ്രതിഭകളുടെ ആവശ്യം വർധിപ്പിച്ചതായി പഠനം. ഗുഡ്ഗാവിലെ ഹ്യൂമൻ റിസോഴ്‌സ് കൺസൾട്ടിംഗ് സ്ഥാപനമായ ആർ.ജി.എഫ് പ്രൊഫഷണൽ റിക്രൂട്ട്‌മെൻറിൻെറ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഇന്ത്യയിലെ കോർപ്പറേറ്റ് മേഖലക്ക് വൻ തിരിച്ചടിയാണ് നൽകിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ 19,000ത്തിലധികം ആളുകളിൽനിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനമെടുക്കാൻ തൊഴിലുടമകളെയും ജീവനക്കാരെയും സഹായിക്കുന്ന തരത്തിലുള്ള നിർദേശങ്ങളും ഈ റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ:
കോവിഡിൻെറ ദോഷകരമായ ഫലങ്ങൾ ഇന്ത്യയിലെ കോർപ്പറേറ്റ് മേഖല ഭീകരമായി അനുഭവിച്ചു. മാനവ വിഭവശേഷി, ധനകാര്യം, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിലെ ജീവനക്കാരുടെ ശമ്പളം കുത്തനെ ഇടിഞ്ഞു.
ആരോഗ്യ സേവനങ്ങൾക്കും ഫാർമസ്യൂട്ടിക്കൽ ഉൽപ്പാദനത്തിനുമുള്ള ആവശ്യകത വർധിപ്പിച്ചു. പരിചയസമ്പന്നരായ പ്രതിഭകൾക്കുള്ള നഷ്ടപരിഹാര തുകയിൽ എട്ട് ശതമാനം വരെ വർധനവുണ്ടായി. മെഡിക്കൽ മേഖലയിലും ഉൽപാദന പ്രവർത്തനങ്ങളിലും ഏഴ് ശതമാനം വളർച്ചയുണ്ടായി.
കോവിഡ് സൃഷ്ടിച്ച മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ദിശാബോധം നൽകാൻ പരിചയസമ്പന്നരായ പ്രൊഫഷണലുകളെ ആവശ്യമായി വന്നു. ഇത്തരത്തിൽ വിവിധ വ്യവസായ മേഖലകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ഗവേഷണ-വികസന പ്രതിഭകളും ഏഴ് ശതമാനത്തിലധികം ശമ്പളവർധനവ് പ്രതീക്ഷിക്കുന്നു.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ നേരിടാൻ ഡിജിറ്റൽ സേവനങ്ങൾ പരിഗണിക്കാൻ ആരോഗ്യ മേഖലയിലെ സംരംഭകരെ പ്രേരിപ്പിച്ചു. മിക്ക കമ്പനികളും ഡിജിറ്റലിലേക്ക് പരിവർത്തനം ചെയ്യുകയാണ്. ഉപഭോക്താക്കൾക്ക് ആവശ്യമായ സേവനങ്ങളെല്ലാം ഓൺലൈൻ വഴിയാണ് ലഭ്യമാക്കുന്നത്.
സോഫ്റ്റ്വെയർ ഡെവലപ്മെൻറ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ്, ഡാറ്റാ സയൻസ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന സാങ്കേതിക പ്രതിഭകൾ ഈ മേഖലയിലെ ഏറ്റവും ഉയർന്ന ശമ്പളമാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം ശരാശരി 50 മുതൽ 80 ലക്ഷം വരെയാണ് ഇവർക്ക് ശമ്പളം. കൂടാതെ ഇവർ ജോലി മാറി മറ്റൊരു സ്ഥാപനത്തിൽ പോകുേമ്പാൾ ശമ്പളം 40 ശതമാനം വരെ വർധിക്കുന്നു.
'ശരിയായ പ്രതിഭകളെ നിയമിക്കുന്നത് കോവിഡിൻെറ വെല്ലുവിളികളെ നേരിടാൻ മാത്രമല്ല, ദീർഘകാലത്തേക്ക് അവയിൽ നിന്ന് കരകയറാനുമുള്ള ഇന്ത്യയുടെ പ്രയത്നത്തിൽ നിർണായക പങ്ക് വഹിക്കും' -ആർ.ജി.എഫ് പ്രഫഷണൽ റിക്രൂട്ട്‌മെൻറ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ സച്ചിൻ കുൽശ്രേശ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.