സമാനതകളില്ലാത്ത ഗായികയുടെ നിര്യാണം ഇന്ത്യൻ സംഗീത ലോകത്തിന് കനത്ത നഷ്ടം -സ്പീക്കർ
text_fieldsതിരുവനന്തപുരം: വിഖ്യാത ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ സ്പീക്കർ എം.ബി. രാജേഷ് അനുശോചിച്ചു. ആയിരക്കണക്കിന് ഗാനങ്ങളിലൂടെ ജനമനസ്സ് കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടിയ്ക്ക് ഓരോ തലമുറയിലും ആരാധകരുണ്ട്.
മലയാളത്തിലെ കദളി ചെങ്കദളിയടക്കം ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ലതാ മങ്കേഷ്കർ ഗാനാലാപനം നടത്തിയിട്ടുണ്ട്. സമാനതകളില്ലാത്ത ഈ ഗായികയുടെ നിര്യാണം ഇന്ത്യൻ സംഗീത ലോകത്തിന് കനത്ത നഷ്ടമാണ്.
ലോകമെങ്ങുമുള്ള ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്ന മഹത്തായൊരു ശക്തിയാണ് ലതാ മങ്കേഷ്കർ. സമസ്ത വികാരങ്ങളും സാന്ദ്രീകരിച്ച് ലത പാടുമ്പോൾ അത് കേൾക്കുന്നവർ തങ്ങളുടെ സകല ദുഃഖങ്ങളും മറക്കുന്നു. അങ്ങനെ സംഗീതത്തെ മനുഷ്യ സേവനത്തിനുള്ള വലിയ ഉപാധിയാക്കി മാറ്റി. എല്ലാവരെയും ഉൾക്കൊള്ളുന്ന ഇന്ത്യയെന്ന വികാരം വളർത്തുന്നതിൽ അവരുടെ പങ്ക് നിസ്സീമമാണ്.
ലതയുടെ സംഗീതം കേട്ട് നെഹ്റു പോലും ആർദ്രഹൃദയനായത് ചരിത്രം. ഇന്ത്യയുടെ ഐക്യവും ദേശീയോദ്ഗ്രഥനവും വളർത്തുന്നതിൽ ലതയുടെ ഓർമ്മ നമുക്ക് പ്രചോദനമാകും. ലോകമെങ്ങുമുള്ള ആരാധകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.