'ജനാധിപത്യത്തെ തകർത്തു'; ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തിൽ പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നിയമവും ജനാധിപത്യത്തിന്‍റെ അന്തസും ഭരണഘടനയുമെല്ലാം അധികാരത്തിന് വേണ്ടി മാറ്റി നിർത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു.
"ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിൽ ജനാധിപത്യം തകർന്നത് രാജ്യത്തിന്‍റെ മുന്നിലാണ്. അധികാരത്തിനുവേണ്ടി ചട്ടങ്ങളും നിയമവും ജനാധിപത്യവും അതിന്‍റെ അന്തസ്സും ഭരണഘടനയും മാറ്റിനിർത്തി. രാജ്യത്തെ ജനങ്ങൾ അത് കാണുന്നുണ്ട്. ഒരു നഗരം എന്ന വ്യവസ്ഥയും, പ്രതിപക്ഷത്തിന്‍റെയും പൊതുസമൂഹത്തിന്‍റെയും ശബ്ദവും പരസ്യമായി അടിച്ചമർത്തപ്പെടുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഇത്തരത്തിലാണെങ്കിൽ സംസ്ഥാന, കേന്ദ്ര തെരഞ്ഞെടുപ്പുകളിൽ അവരെ എങ്ങനെ പൊതുജനം വിശ്വസിക്കും" - പ്രിയങ്ക എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.
നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ബി.ജെ.പി ജനാധിപത്യത്തെ ഹനിക്കുന്നതായി ആരോപിച്ചിരുന്നു. മേയർ തെരഞ്ഞെടുപ്പിൽ ലോകത്തിനുമുമ്പിൽ ജനാധിപത്യത്തെ കൊല്ലാൻ കഴിയുന്ന ബി.ജെ.പി അധികാരത്തിൽ തുടരാൻ എന്തുചെയ്യുമെന്നത് ഊഹിക്കാവുന്നതിലും അപ്പുറമാണ്. മുമ്പ് ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചു. ഇന്ന് ഗോഡ്‌സെയിസ്റ്റുകൾ അദ്ദേഹത്തിന്‍റെ ആദർശങ്ങളും ഭരണഘടനാ മൂല്യങ്ങളും ബലികഴിച്ചു -രാഹുൽ ഗാന്ധി പറഞ്ഞു.
ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്രിവാളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് ‘പകൽ വെളിച്ചത്തിലെ ചതി’യാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മേയർ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഇത്രയും കളിക്കാൻ കഴിയുമെങ്കിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ അവർ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു.
35 അംഗ കോർപറേഷനിൽ ബി.ജെ.പിക്ക് 14ഉം എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും ശിരോമണ അകാലിദളിന് ഒന്നും കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. കോൺഗ്രസുമായി സഖ്യമായാണ് എ.എ.പി മത്സരിച്ചത്. എന്നാൽ, എ.എ.പിയുടെ കുൽദീപ് കുമാറിനെ തോൽപിച്ച് ബി.ജെ.പിയുടെ മനോജ് സോങ്കർ മേയറായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. മനോജ് സോങ്കറിന് എം.പിയുടെയും ശിരോമണി അകാലിദളിന്റെയും അടക്കം 16 വോട്ട് ലഭിച്ചപ്പോൾ കുൽദീപ് കുമാറിന് ലഭിച്ചത് 12 ആണ്. ‘ഇൻഡ്യ’ സഖ്യത്തിന്റെ എട്ട് വോട്ട് പ്രിസൈഡിങ് ഓഫിസർ അനിൽ മസീഹ് ‘അസാധു’വായി പ്രഖ്യാപിച്ചതാണ് നിർണായകമായത്. വോട്ടെണ്ണുമ്പോൾ പ്രിസൈഡിങ് ഓഫിസർ ചില അടയാളങ്ങളിട്ട് കൃത്രിമം നടത്തിയെന്നാണ് വിഡിയോ പങ്കുവെച്ച് എ.എ.പി ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.