ജുഡീഷ്യറിയും ഏജൻസികളും സ്വതന്ത്രമല്ലാതായാൽ ജനാധിപത്യത്തിന് അപകടം –ബോംബെ ഹൈകോടതി
text_fieldsമുംബൈ: ജുഡീഷ്യറിയും റിസർവ് ബാങ്ക്, സി.ബി.ഐ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ലെങ്കിൽ അതു ജനാധിപത്യത്തിന് ഭീഷണിയാകുമെന്ന് ബോംബെ ഹൈകോടതി. തിരക്കിട്ട് നടപടികൾ സ്വീകരിക്കുന്നതിൽനിന്ന് അൽപ ദിവസം സാവകാശം നൽകിയാൽ ആകാശം ഇടിഞ്ഞുവീഴുമോയെന്നും കോടതി ചോദിച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത ഭൂമി തട്ടിപ്പ് കേസ് റദ്ദാക്കാൻ മഹാരാഷ്ട്ര മുൻ റവന്യൂ മന്ത്രിയും എൻ.സി.പി നേതാവുമായ ഏക്നാഥ് ഖദ്സേ നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതി പരാമർശം.
ഹരജി കോടതിയുടെ പരിഗണനയിലാകയാൽ നടപടികളിൽനിന്ന് ഇടക്കാല സംരക്ഷണം വേണമെന്ന് ഖദ്സേയുടെ അഡ്വക്കറ്റ് ആബാദ് പോണ്ട അഭ്യർഥിച്ചു. തിങ്കളാഴ്ച വരെ നടപടികളുണ്ടാവില്ലെന്ന് ഇ.ഡിയുടെ അഭിഭാഷകൻ മറുപടി നൽകിയപ്പോഴാണ് അന്വേഷണ ഏജൻസികൾ സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവർത്തിക്കണമെന്ന് കോടതി ഓർമപ്പെടുത്തിയത്. കോടതി നടപടികളെ ബഹുമാനിക്കുകയും അന്വേഷണങ്ങളോട് സഹകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അറസ്റ്റിെൻറ ആവശ്യമെന്തെന്നും ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡേ, മനിഷ് പിറ്റാലെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ചോദിച്ചു.
ബി.ജെ.പി നേതാവായിരുന്ന ഖദ്സേ കഴിഞ്ഞ ഒക്ടോബറിലാണ് പാർട്ടി വിട്ട് എൻ.സി.പിയിൽ ചേക്കേറിയത്. 2016ൽ റവന്യൂ മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ഭൂമി വാങ്ങിയ ഖദ്സേ പൊതുഖജനാവിന് 62 കോടി നഷ്ടം വരുത്തിയെന്നാണ് ഇ.ഡി ചുമത്തിയ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.