'ജനാധിപത്യം അവസാനിച്ചു'; പഞ്ചാബിൽ നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണർക്കെതിരെ കെജ്‌രിവാൾ
text_fieldsചണ്ഡീഗഡ്: വിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആം ആദ്മി പാർട്ടി (എ.എ.പി) സർക്കാരിന്റെ ആവശ്യം പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് നിരസിച്ചു. സെപ്റ്റംബർ 22 ന് നിയമസഭ പ്രത്യേക സമ്മേളനം വിളിക്കാനുള്ള തീരുമാനത്തെയാണ് ഗവർണർ നിരസിച്ചത്.
നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ചു കൊണ്ടുള്ള ഗവർണറുടെ നീക്കം സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും എതിർപ്പിന് കാരണമായി. എ.എ.പി, കോൺഗ്രസ്, ശിരോമണി അകാലിദൾ തുടങ്ങിയ പാർട്ടികൾ ഗവർണറുടെ നീക്കത്തെ വിമർശിച്ച് രംഗത്തെത്തി.
ഡൽഹി മുഖ്യമന്ത്രിയും എ.എ.പി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും ഗവർണറുടെ നീക്കത്തെ രൂക്ഷമായി വിമർശിച്ചു. "സംസ്ഥാന മന്ത്രിസഭ വിളിച്ച നിയമസഭ സമ്മേളനത്തെ ഗവർണർ എങ്ങനെയാണ് നിരസിക്കുന്നത്? ഇതോടെ ജനാധിപത്യം അവസാനിച്ചു. രണ്ട് ദിവസം മുമ്പ് ഗവർണർ തന്നെയാണ് നിയമസഭ സമ്മേളനത്തിന് അനുമതി നൽകിയത്. എന്നാൽ സംസ്ഥാനത്ത് ഓപറേഷൻ താമര പരാജയപ്പെട്ട് തുടങ്ങിയതോടെ അനുമതി നിഷേധിക്കണമെന്ന് ഗവർണർക്ക് മുകളിൽ നിന്ന് നിർദേശം ലഭിക്കുകയായിരുന്നു"- കെജ്‌രിവാൾ പറഞ്ഞു.
നിയമസഭ നടത്താൻ ഗവർണർ അനുവദിക്കാത്തത് രാജ്യത്തിന്റെ ജനാധിപത്യത്തിന്‍മേൽ വലിയ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെ നയിക്കുന്നത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികളാണോ അതോ കേന്ദ്രം നിയമിച്ച ഏതെങ്കിലുമൊരു വ്യക്തിയാണോയെന്ന് മാൻ ചോദിച്ചു.
ബി.ജെ.പിയും കോൺഗ്രസും ഒത്തുചേർന്ന് സമ്മേളനം റദ്ദാക്കുന്നതിന് വേണ്ടി പ്രവർത്തിച്ചുവെന്ന് എ.എ.പി ആരോപിച്ചു. ഗവർണറുടെ നീക്കം ജനാധിപത്യത്തിന്‍റെ അന്ത്യമാണെന്നും പാർട്ടി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.