രാഷ്ട്രീയ എതിരാളികളെ മറികടക്കാൻ ജനാധിപത്യം നഷ്ടപ്പെടുത്തരുത്- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അധികാരത്തിലുള്ള പാർട്ടികൾ രാഷ്ട്രീയ എതിരാളികളെ മറികടക്കാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ജനാധിപത്യം നഷ്ടപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി.
തമിഴ്നാട്ടിൽ ഡി.എം.കെ തുടങ്ങിയ തൊഴിൽ പദ്ധതി പിന്നീട് ഭരണത്തിലേറിയ എ.ഐ.എ.ഡി.എം.കെ നിർത്തലാക്കിയ തർക്കത്തിൽ വിധിപറഞ്ഞാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈകോടതി വിധി ബെഞ്ച് റദ്ദാക്കി.
കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ 1989 സെപ്റ്റംബർ രണ്ടിന് ഗ്രാമ വികസന വകുപ്പിന് കീഴിൽ പത്താം തരം വിജയിച്ച യുവാക്കൾക്ക് 12,617 ഗ്രാമങ്ങളിൽ തൊഴിൽ നൽകാനായി ‘മക്കൾ നല പണിയളർകൾ’ (ഗ്രാമ തല പ്രവർത്തകർ) എന്ന പേരിൽ പദ്ധതി തുടങ്ങിയിരുന്നു. 25,234 പേർക്ക് മാസം തോറും 200 രൂപ ഓണറേറിയം നൽകിയാണ് പദ്ധതി ആരംഭിച്ചത്.
എന്നാൽ 1991ലെ എ.ഐ.എ.ഡി.എം.കെ സർക്കാർ പദ്ധതി നിർത്തലാക്കി. 1997ൽ ഡി.എം.കെ സർക്കാർ പദ്ധതി പുനരാരംഭിച്ചുവെങ്കിലും 2001ൽ എ.ഐ.എ.ഡി.എം.കെ സർക്കാർ വീണ്ടും റദ്ദാക്കി. 2006ൽ മൂന്നാമതും ഡി.എം.കെ സർക്കാർ പദ്ധതി പുനരാരംഭിച്ചെങ്കിലും 2011ൽ എ.ഐ.എ.ഡി.എം.കെ സർക്കാർ വീണ്ടും നിർത്തലാക്കി.
ഇതിനെതിരെ എം.എൻ.പി എന്നറിയപ്പെടുന്ന തൊഴിൽ നേടിയവർ നടത്തിയ നിയമയുദ്ധത്തിൽ 2014ൽ മദ്രാസ് ഹൈകോടതി പദ്ധതിക്ക് കീഴിൽ തൊഴിൽ നേടിയവരെ ഏതെങ്കിലും സർക്കാർ ജോലികളിൽ പ്രായം നോക്കാതെ യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടു. എന്നാൽ, ഇതിനെതിരെ എ.ഐ.എ.ഡി.എം.കെ സർക്കാർ സുപ്രീംകോടതിയിൽനിന്ന് ഇടക്കാല സ്റ്റേ വാങ്ങി.
മദ്രാസ് ഹൈകോടതിയുടെ നിർദേശം അപ്രായോഗികമാണെന്ന് കണ്ട് റദ്ദാക്കിയ സുപ്രീംകോടതി അതേസമയം എം.എൻ.പിക്കാരിൽ ഒരു പഞ്ചായത്തിലെ ഒരാൾക്ക് എന്ന തോതിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ഗ്രാമങ്ങളിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിൽ നൽകാൻ 2022 ജൂൺ ഏഴിന് പുറപ്പെടുവിച്ച ഉത്തരവ് ശരിവെക്കുകയും ചെയ്തു.
ഏതെങ്കിലും വസ്തുതാപരവും യുക്തിസഹവുമായ കാരണങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് രാഷ്ട്രീയ കാരണങ്ങളാൽ മാത്രമാണ് അഭ്യസ്തവിദ്യർക്കുള്ള തൊഴിൽ പദ്ധതി എ.ഐ.എ.ഡി.എം.കെ സർക്കാർ നിർത്തിയതെന്ന് രേഖകളിൽനിന്ന് വ്യക്തമാണെന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗിയും ബേല എം ത്രിവേദിയും വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.
രാഷ്ട്രീയ ചിത്രം എപ്പോഴെല്ലാം മാറുന്നോ അപ്പോഴെല്ലാം മാറി വന്ന സർക്കാർ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിൽ നൽകാനുള്ള മുൻ സർക്കാറിന്റെ നയപരമായ തീരുമാനം റദ്ദാക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
2002 ജൂൺ ഏഴിന് സർക്കാർ പ്രഖ്യാപിച്ച പദ്ധതിയിൽ ചേർന്നവർക്ക് പദ്ധതി തുടരുന്നതുവരെ ജോലിയിൽ തുടരാം. 2011 ഡിസംബർ ഒന്നു മുതൽ 2012 മേയ് 31 വരെയുള്ള ആറുമാസ കാലയളവിൽ ഓണറേറിയമായി 25,851 നൽകണമെന്നും സുപ്രീംകോടതി വിധിച്ചു. മൂന്നു മാസത്തിനകം രേഖകളുടെ പരിശോധന പൂർത്തിയാക്കി എം.എൻ.പിക്കാർ തുക കൈപ്പറ്റണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.