'ഡെമോക്രാറ്റിക് ആസാദ് പാർട്ടി'- പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്
text_fieldsജമ്മു: മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ് അദ്ദേഹത്തിന്റെ പുതിയ പാർട്ടി പ്രഖ്യാപിച്ചു. 'ഡെമോക്രാറ്റിക് ആസാദ് പാർട്ടി' എന്നാണ് പേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്ന് രാജിവെച്ച് കൃത്യം ഒരു മാസം തികയുമ്പോഴാണ് പുതിയ പാർട്ടിയുമായി ആസാദ് രംഗത്തെത്തുന്നത്.
പാർട്ടിയുടെ പ്രഖ്യാപനം നിർവഹിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിൽ പുതിയ പാർട്ടി മതേതരവും ജനാധിപത്യപരവും എല്ലാതരം സ്വാധീനങ്ങളിൽ നിന്ന് സ്വതന്ത്രവുമായിരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പാർട്ടിയുടെ പതാകയും പ്രകാശിപ്പിച്ചു. മഞ്ഞ, വെള്ള, നീല നിറങ്ങൾ ഉൾപ്പെടുന്നതാണ് പതാക.
കഴിഞ്ഞ ദിവസം പാർട്ടിയുടെ പ്രവർത്തകരും നേതാക്കളുമായി യോഗം നടത്തിയിരുന്നു. കോൺഗ്രസിൽ നിന്ന് രാജിവെച്ചയുടൻ നടത്തിയ പൊതു യോഗത്തിലാണ് അദ്ദേഹം പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. ജമ്മു കശ്മീരിലെ ജനങ്ങളാണ് പാർട്ടിയുടെപേരും പതാകയും തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എല്ലാവർക്കും മനസിലാകുന്ന ഹിന്ദുസ്ഥാനി പേരായിരിക്കും പാർട്ടിക്ക് നൽകുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജമ്മു കശ്മീരിലാണ് പാർട്ടിയുടെ ആദ്യ യൂനിറ്റ് ആരംഭിക്കുക. കശ്മീരിന് പൂർണ സംസ്ഥാന പദവി ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.