ആഗ്രയിലെ പതിനേഴാം നൂറ്റാണ്ടിലെ ‘ഔറംഗസേബ് ഹവേലി’ പൊളിക്കുന്നത് നിർത്തി
text_fieldsആഗ്ര: യമുനയുടെ തീരത്തുള്ള ‘ഔറംഗസേബിൻ്റെ ഹവേലി’ എന്നറിയപ്പെടുന്ന മുഗൾ പൈതൃക സ്ഥലമായ പതിനേഴാം നൂറ്റാണ്ടിലെ ‘മുബാറക് മൻസിലി’ൽ പൊളിക്കുന്ന ജോലികൾ നിർത്തിവെച്ചു. സൈറ്റിൽ തൽസ്ഥിതി നിലനിർത്താനുള്ള ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവനുസരിച്ചാണ് പൊളിക്കൽ നിർത്തിയത്. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ ഭൂമിയുടെ രേഖകളിൽ വിശദ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
‘നടുക്കുന്ന’തെന്നാണ് ആഗ്ര നിവാസികളും ചരിത്രകാരന്മാരും സംഭവത്തെ വിശേഷിപ്പിച്ചത്. രാഷ്ടീയ സ്വാധീനമുള്ള ഒരു കെട്ടിട നിർമാതാവ് നൂറ്റാണ്ടുകൾ പഴക്കമുള്ള സ്മാരകം പൊളിച്ചുമാറ്റാൻ ബുൾഡോസറുകൾ ഉപയോഗിച്ചുവെന്നും ഇയാൾ കടന്നുകളഞ്ഞുവെന്നും നാട്ടുകാർ പറഞ്ഞു.
സീനിയർ ജില്ലാ മജിസ്ട്രേറ്റ് സച്ചിൻ രാജ്പുതിൻ്റെ നേതൃത്വത്തിലുള്ള സംഘം ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ, സംസ്ഥാന പുരാവസ്തു വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ചിരുന്നു.
എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്ന് ആഗ്ര ജില്ലാ മജിസ്ട്രേറ്റ് അരവിന്ദ മല്ലപ്പ ബംഗാരി പറഞ്ഞു. ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി കണ്ടെത്തലുകളെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കും. തൽസ്ഥിതി നിലനിർത്തണം. വസ്തു കൈവശം വെച്ചിരിക്കുന്ന കക്ഷികളുടെ അവകാശവാദങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ ഉണർന്നില്ലെങ്കിൽ, പൊളിക്കുന്നവർ അതിന്റെ പ്രശസ്തിയും ബുൾഡോസ് ചെയ്യുമെന്ന്’ മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രതികരിച്ചു.
2024 സെപ്റ്റംബറിൽ, സംസ്ഥാന പുരാവസ്തു വകുപ്പ് ഒരു മാസത്തിനുള്ളിൽ ഈ സ്ഥലം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുമെന്നും ആർക്കെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ അറിയിക്കണമൈന്നും ആവശ്യപ്പെട്ട് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ, ആരും എതിർപ്പുയർത്തിയില്ല. രണ്ടാഴ്ച മുമ്പ് ലക്നോവിൽ നിന്നുള്ള ഉദ്യോഗസ്ഥർ ‘സംരക്ഷണ നടപടികൾ ആരംഭിക്കാൻ’ സൈറ്റ് സന്ദർശിച്ചു. ഇവരുടെ സന്ദർശനത്തിന് തൊട്ടുപിന്നാലെ പൊളിക്കലും ആരംഭിച്ചു. കെട്ടിട നിർമാതാവ് ഭൂമിയുടെ ഉടമസ്ഥാവകാശം അവകാശപ്പെടാൻ ‘പേപ്പറുകൾ’ തയ്യാറാക്കിയതായും പ്രദേശവാസികൾ പറഞ്ഞു.
ഇവിടെയുള്ള 70ശതമാനത്തോളം കെട്ടിടങ്ങളും ഇതിനകം നശിച്ചുവെന്നും അധികാരികൾക്ക് നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രദേശവാസിയായ കപിൽ വാജ്പേയ് പറഞ്ഞു. സ്വകാര്യ വ്യക്തി പൊലീസിൻ്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് പൊളിക്കൽ നടത്തിയത്. ചരിത്രപരമായ 20,000 ചതുരശ്ര അടി ഭൂമി പിടിച്ചെടുക്കാൻ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകുമെന്നും കപിൽ വാജ്പേയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.