യു.പിയിലെ 'ബുൾഡോസർ രാജി'ന് സ്റ്റേ ഇല്ല; പ്രതികാരബുദ്ധിയോടെ പൊളിക്കരുതെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിച്ച ഉത്തർപ്രദേശിൽ നിയമവാഴ്ചയും മുനിസിപ്പൽ നിയമങ്ങളും മറികടന്ന് ബുൾഡോസറുകൾ ഇറക്കി മുസ്ലിംകളുടെ വീടുകൾ തകർക്കുന്നത് സ്റ്റേ ചെയ്യണമെന്ന ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ജംഇയ്യത്ത് ഉന്നയിച്ച വിഷയങ്ങൾക്ക് മൂന്നു ദിവസത്തിനകം മറുപടി നൽകാൻ ഉത്തരവിട്ട ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണയും ജസ്റ്റിസ് വിക്രംനാഥും അടങ്ങിയ അവധിക്കാല ബെഞ്ച് അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നത് നിയമമനുസരിച്ചായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
യു.പിയിലെ നടപടി ഭയാനകമാണെന്നും രാജ്യത്ത് ഇതിനുമുമ്പ് ഇങ്ങനെയൊന്ന് കണ്ടിട്ടില്ലെന്നും ജംഇയ്യത്തുൽ ഉലമക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിങ് ബോധിപ്പിച്ചു. അടിയന്തരാവസ്ഥയിലോ സ്വാതന്ത്ര്യത്തിനു മുമ്പോ ഇങ്ങനെയുണ്ടായിട്ടില്ല. ആരോപണവിധേയരായ വ്യക്തികളുടേത് മാത്രമല്ല, അവരുടെ രക്ഷിതാക്കളുടെ വീടുകളും തകർക്കുകയാണ്. നിയമവാഴ്ചയുള്ള ഒരു റിപ്പബ്ലിക്കിലോ രാജ്യത്തോ ഇത് അനുവദിക്കാനാവില്ലെന്നും സിങ് ബോധിപ്പിച്ചപ്പോൾ, പൊളിക്കും മുമ്പ് ചെയ്യേണ്ട നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്ന് സുപ്രീംകോടതി ചോദിച്ചു. ഇല്ലെന്നും നിയമവിരുദ്ധ നിർമാണങ്ങളാണെന്നു പറഞ്ഞ് ഇതിനെ ന്യായീകരിക്കുകയാണെന്നും സിങ് മറുപടി നൽകി. ബുൾഡോസർ കൊണ്ടുവന്ന് വീടുകൾ ഇടിച്ചുതകർക്കുകയാണ്. നിയമം കൈയിലെടുത്തവർക്കെതിരെ ബുൾഡോസർ പ്രയോഗിക്കുമെന്ന് ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ പറയുന്നു. അനധികൃത നിർമാണം നീക്കംചെയ്യാൻ 15 ദിവസത്തെ സമയം നൽകണമെന്ന വ്യവസ്ഥയും അഭിഭാഷകൻ ഓർമിപ്പിച്ചു.
നോട്ടീസ് നൽകാതെ ഇടിച്ചുനിരത്താൻ ആവില്ലെന്നും തങ്ങൾക്ക് അതേക്കുറിച്ച് ധാരണയുണ്ടെന്നും ജസ്റ്റിസ് ബൊപ്പണ്ണ പറഞ്ഞു. 'ഞങ്ങളും സമൂഹത്തിന്റെ ഭാഗമാണ്. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കാണുന്നുണ്ട്. ആത്യന്തികമായി നിയമവാഴ്ച പുലരണം. വീടുകൾ തകർക്കപ്പെട്ട എല്ലാ ആളുകൾക്കും കോടതിയെ സമീപിക്കാൻ കഴിയില്ല'- ജസ്റ്റിസ് ബൊപ്പണ്ണ കൂട്ടിച്ചേർത്തു.
എന്നാൽ, ഉത്തർപ്രദേശ് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും പ്രയാഗ്രാജ് വികസന അതോറിറ്റിക്കുവേണ്ടി ഹാജരായ ഹരീഷ് സാൽവെയും ബുൾഡോസർ നടപടിയെ ന്യായീകരിച്ചു.
സത്യവാങ്മൂലത്തിന് സാൽവെ മൂന്നു ദിവസം സമയം ചോദിച്ചപ്പോൾ അതുവരെ എങ്ങനെ സുരക്ഷ ഉറപ്പാക്കുമെന്ന് ജസ്റ്റിസ് ബൊപ്പണ്ണ ചോദിച്ചു. കോടതിക്ക് ഒരു ഉത്തരവാദിത്തമുണ്ട്. അതുവരെയും സുരക്ഷ ഉറപ്പുവരുത്തണം. ആവലാതിയുമായി വരുന്ന വ്യക്തികളുടെ രക്ഷക്ക് കോടതിയെത്തുന്നില്ലെങ്കിൽ അത് ശരിയല്ലെന്നും അതാണ് നീതിയെന്നും ജസ്റ്റിസ് ബൊപ്പണ്ണ വ്യക്തമാക്കി. പൊളിക്കൽ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിടണമെന്ന് അഡ്വ. ഹുസൈഫ അഹ്മദി ആവശ്യപ്പെട്ടപ്പോൾ പൊളിക്കൽ നിയമപ്രകാരം മാത്രമായിരിക്കും എന്ന് ജസ്റ്റിസ് ബൊപ്പണ്ണ മറുപടി നൽകി.
സുപ്രീംകോടതി തടയാത്തതിനാൽ ബുൾഡോസർ ഉരുളുന്നു -ജംഇയ്യത്ത്
ന്യൂഡൽഹി: ജഹാംഗീർപുരിയിൽ ബി.ജെ.പിയുടെ മുനിസിപ്പൽ കോർപറേഷൻ ഇറക്കിയ ബുൾഡോസറുകൾ തടഞ്ഞ സുപ്രീംകോടതി ഉത്തരവ് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന്‍റെ ശ്രദ്ധയിൽപ്പെടുത്തി ജംഇയ്യത്ത് അഭിഭാഷകൻ അഡ്വ. ഹുസൈഫ അഹ്മദി. നാൾവഴി നോക്കിയാൽ ഈയിടെ നടന്ന സംഭവങ്ങളുമായി ഇടിച്ചുപൊളിക്കുന്നതിന് ബന്ധമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. വീടുകൾ തകർക്കാനായി എഫ്.ഐ.ആറിൽനിന്ന് തങ്ങൾക്ക് തോന്നിയ പേരുകൾ തിരഞ്ഞെടുക്കുകയാണ് യു.പി സർക്കാർ ചെയ്തത്. കെട്ടിടം അനധികൃതമാണെങ്കിൽ നടപടിക്രമം പാലിച്ചായിരിക്കണം പൊളിക്കേണ്ടതെന്ന് കോടതി നിർദേശം നൽകണമെന്നും അഹ്മദി വാദിച്ചു.
ഏപ്രിൽ 21ന് യു.പി സർക്കാറിന് നോട്ടീസ് അയച്ചുെവങ്കിലും ഇടക്കാല ഉത്തരവൊന്നും സുപ്രീംകോടതി പുറപ്പെടുവിച്ചില്ല എന്നും അതുകൊണ്ടാണ് ഇപ്പോൾ ഇടിച്ചുനിരത്തൽ സംഭവിച്ചതെന്നും ജംഇയ്യത്തിനായി ഹാജരായ അഡ്വ. ചന്ദർ ഉദയ് സിങ്ങും ബോധിപ്പിച്ചു. ഗുണ്ടകൾക്കും കല്ലേറുകാർക്കുമുള്ള തിരിച്ചടിയാണ് ഇടിച്ചുനിരത്തൽ എന്ന് പ്രസ്താവനകളിറക്കിയാണ് പൊളിച്ചത്. ഇപ്പോൾ അനധികൃത കെട്ടിടങ്ങളാണെന്ന് പറഞ്ഞാണ് ഇടിച്ചുനിരത്തലിനെ ന്യായീകരിക്കുന്നത്. ബുൾഡോസർ ഓപറേഷൻ അടിയന്തരമായി നിർത്തിവെക്കണമെന്ന് സിങ് ആവശ്യപ്പെട്ടു. ഇടിച്ചുപൊളിച്ച ശേഷമാണ് തങ്ങൾ നോട്ടീസ് നൽകിയിരുന്നുവെന്ന് സർക്കാർ അവകാശപ്പെടുന്നതെന്ന് മുതിർന്ന അഭിഭാഷക നിത്യ രാമകൃഷ്ണൻ ബോധിപ്പിച്ചു. എന്നാൽ പൊളിക്കുന്നതിന്‍റെ തലേന്ന് രാത്രി നോട്ടീസ് ഒട്ടിച്ചത് വിവാദത്തിലായ പ്രയാഗ്രാജിൽ മേയിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മേയ് 25ന് പൊളിക്കാൻ ഉത്തരവിട്ടുവെന്നും പ്രയാഗ്രാജ് വികസന അതോറിറ്റിക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ അവകാശപ്പെട്ടു.
ജംഇയ്യതുൽ ഉലമായെ ഹിന്ദിനെതിരെ സോളിസിറ്റർ ജനറലും സാൽവെയും
ന്യൂഡൽഹി: ബി.ജെ.പി ഭരണകൂടങ്ങളുടെ ബുൾഡോസറുകൾക്കെതിരെ സുപ്രീംകോടതിയിൽ നിയമയുദ്ധം നടത്തുന്ന ജംഇയ്യതുൽ ഉലമായെ ഹിന്ദിനെതിരെ വിമർശനവുമായി കേന്ദ്ര സർക്കാറിന്‍റെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത.
യു.പിയിൽ നിയമലംഘനം സംഭവിച്ചെങ്കിൽ അതിനിരയായവരാണ് വരേണ്ടതെന്നും ഡൽഹി ജഹാംഗീർപുരിയിലെ ഇടിച്ചുനിരത്തലിനെതിരെയും ജംഇയ്യതാണ് കോടതിയിൽ വന്നതെന്നും ഉത്തർപ്രദേശ് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ വിമർശിച്ചു.
എല്ലാവർക്കും കയറാനാവുന്ന വണ്ടിയാണിതെന്നും ആ വീട് പൊളിച്ചു, ഈ വീട് പൊളിച്ചു എന്നും പറഞ്ഞ് ഓരോന്ന് തോളിലേറ്റിവരുകയാണെന്നും ജംഇയ്യതുൽ ഉലമയെ മേത്ത പരിഹസിച്ചു. ഡൽഹി ജഹാംഗീർപുരിയിൽ വീടുകളും കടകളും തകർത്തു എന്നു പറഞ്ഞ് തുടങ്ങിയതാണിത്. ബുൾഡോസർ നടപടിക്കിരയായവർ ആരും കോടതിയിൽ വന്നില്ല. ഇതൊന്നും ബാധിക്കാത്ത ജംഇയ്യതുൽ ഉലമയാണ് വന്നത് എന്ന് മേത്ത പറഞ്ഞപ്പോൾ ആരു വന്നുവെന്ന് നോക്കേണ്ടെന്ന് സുപ്രീംകോടതി പ്രതികരിച്ചു.
ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദക്കെതിരായ പ്രതിഷേധം അക്രമത്തിൽ കലാശിച്ച ആദ്യ നഗരമായ കാൺപൂരിൽ പ്രതിഷേധക്കാരുടെ വീടുകൾ നടപടിക്രമങ്ങൾ പാലിക്കാതെ യോഗി സർക്കാർ തകർക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 12നാണ് ജംഇയ്യത് ആദ്യ അപേക്ഷ നൽകിയത്. സഹാറൻപുരിലും പ്രയാഗ്രാജിലും ഇത് ആവർത്തിച്ചതിനെ തുടർന്ന് രണ്ടാമത്തെ അപേക്ഷയും നൽകി. ആദ്യ ഹരജിയാണ് സുപ്രീംകോടതിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.