നോട്ട് നിരോധനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാക്കൾ
text_fieldsന്യൂഡൽഹി: 2000 രൂപ കറൻസി പിൻവലിച്ച നടപടിയെ പരിഹസിച്ച് പ്രതിപക്ഷ നേതാക്കൾ. ജനങ്ങളെ കുഴപ്പത്തിലാക്കുന്ന മറ്റൊരു നോട്ട് നിരോധനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. എന്താണിതിന്റെ ഗുണവും ദോഷവുമെന്ന് മോദിക്ക് അറിയില്ലെന്ന് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സിദ്ധരാമയ്യ പറഞ്ഞു. കേന്ദ്ര സർക്കാറിന്റെ മറ്റൊരു തുഗ്ലക് പരിഷ്കാരമാണ് 2000 രൂപയുടെ കറൻസി പിൻവലിച്ചതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിപ്രായപ്പെട്ടു.
സാധാരണ ജനങ്ങൾക്ക് ഒരടികൂടി നൽകുന്ന നീക്കമാണിതെന്ന് അവർ കൂട്ടിച്ചേർത്തു. ലോകം നേരിടുന്ന ചിപ്പ് ക്ഷാമം 2000 രൂപ നിരോധനത്തിന് കാരണമായി പറയില്ലെന്ന് പ്രതീക്ഷിക്കുന്നതായി എ.ഐ.സി.സി മീഡിയ വിഭാഗം മേധാവി പവൻ ഖേര പരിഹസിച്ചു. 2016 നവംബർ എട്ടിന്റെ പ്രേതം വീണ്ടും രാജ്യത്തെ വേട്ടയാടാൻ തിരിച്ചെത്തിയതായി അദ്ദേഹം പറഞ്ഞു.
2016ൽ നോട്ട് നിരോധിച്ച് ഏതാനും ആഴ്ചകൾക്ക് ശേഷം 500 രൂപ നോട്ട് തിരിച്ചുകൊണ്ടുവരാൻ സർക്കാർ നിർബന്ധിതരായി; ഇനി 1000 രൂപ നോട്ടുകൾകൂടി തിരിച്ചുകൊണ്ടുവന്നാലും അത്ഭുതപ്പെടാനില്ലെന്ന് മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം പറഞ്ഞു. 2016ൽ തങ്ങൾ പറഞ്ഞത് ശരിവെക്കുന്ന നടപടിയാണ് ആർ.ബി.ഐയുടെയും മോദി സർക്കാറിന്റെയും തിരിച്ചുപോക്കെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി.
കർണാടകയിലെ തിരിച്ചടി മറച്ചുവെക്കാനാണ് നോട്ട് നിരോധിച്ചതെന്ന് ആരോപിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ‘500 സംശയം, 1000 നിഗൂഢത, 2000 മണ്ടത്തരങ്ങൾ’ എന്ന് ട്വിറ്ററിൽ പരിഹാസക്കുറിപ്പിടുകയും ചെയ്തു. അതിനിടെ 2000 രൂപയുടെ നോട്ട് പിൻവലിക്കുന്നത് സാമ്പത്തിക വ്യവസ്ഥയിൽ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കില്ലെന്ന് നിതി ആയോഗ് വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ വ്യക്തമാക്കി. നിക്ഷേപമായോ കുറഞ്ഞ മൂല്യത്തിലുള്ള കറൻസിയായോ മാറ്റാൻ കഴിയുന്നത് കൊണ്ട് 2000 രൂപ കറൻസി പിൻവലിക്കുന്നത് പ്രശ്നം സൃഷ്ടിക്കില്ല. പൊതുജനങ്ങളുടെ കൈയിലുള്ള കറൻസിയിൽ 10.8 ശതമാനം മാത്രമാണ് 2000ത്തിന്റെ നോട്ട്. നിയമവിരുദ്ധ ഇടപാടുകൾക്ക് കൂടുതലായി ഉപയോഗിക്കുന്നത് ഉയർന്ന മൂല്യമുള്ള കറൻസി ആയതിനാൽ പിൻവലിക്കൽ ഗുണകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.