നോട്ട് അസാധുവാക്കൽ വൻ കുംഭകോണം –രാഹുൽ
text_fieldsന്യൂഡൽഹി: നോട്ട് അസാധുവാക്കൽ വലിയൊരു അഴിമതിയായിരുന്നുവെന്ന് തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ട് അസാധുവാക്കൽ മോദിക്ക് പറ്റിയൊരു അബദ്ധമല്ല. ജനങ്ങൾക്ക് നേരെ ബോധപൂർവം നടത്തിയ ആക്രമണമാണ്. 20ൽ താഴെ വരുന്ന കോർപറേറ്റുകളെ സഹായിക്കുകയായിരുന്നു ലക്ഷ്യമെന്ന് വളരെ വ്യക്തമാണെന്നും രാഹുൽ പറഞ്ഞു.
അസാധുവാക്കിയ നോട്ടിൽ 99.30 ശതമാനവും തിരിച്ചെത്തിയെന്ന റിസർവ് ബാങ്കിെൻറ വാർഷിക റിപ്പോർട്ട് പുറത്തുവന്ന പശ്ചാത്തലത്തിൽ നടത്തിയ വാർത്തസേമ്മളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. പ്രധാനമന്ത്രി മാപ്പു പറഞ്ഞതുകൊണ്ടൊന്നും കാര്യമില്ല. ബോധപൂർവം നടത്തിയ നീക്കത്തിന് മാപ്പു പറയുന്നതെങ്ങനെ? മാറ്റിയെടുക്കാൻ പറ്റാത്ത പരിക്കാണ് സമ്പദ്വ്യവസ്ഥക്ക് ഉണ്ടായത്. കഷ്ടപ്പെട്ടു പോയ പൊതുജനങ്ങളോട് ഉത്തരം പറയാൻ മോദിക്ക് ബാധ്യതയുണ്ട്.
ജനങ്ങളുടെ പോക്കറ്റിൽ കൈയിട്ട് കുത്തക മുതലാളിമാരായ സുഹൃത്തുക്കൾക്ക് കൊടുക്കുകയാണ് മോദി ചെയ്തത്. നോട്ട് അസാധുവാക്കിയതിനെ തുടർന്ന് മോദിയുടെ സുഹൃത്തുക്കൾ കള്ളപ്പണം വെളുപ്പിച്ചു. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ ഡയറക്ടറായ ഗുജറാത്തിലെ ഒരു സഹകരണ ബാങ്ക് 700 കോടി രൂപയുടെ പഴയ നോട്ടുകളാണ് മാറ്റിയെടുത്തത്. അഴിമതിയിൽ കുറഞ്ഞ ഒന്നുമല്ല ഇത്. 70 വർഷത്തിനിടയിൽ രാജ്യത്ത് നടക്കാത്ത ഒന്നാണ് പ്രധാനമന്ത്രി നടത്തിയത്. അങ്ങനെ ചെയ്ത് സമ്പദ്വ്യവസ്ഥ നശിപ്പിച്ചു. കള്ളപ്പണം തടയുക, കള്ളനോട്ട് പിടിക്കുക, ഭീകരതക്കുള്ള ധനസഹായം ഇല്ലാതാക്കുക തുടങ്ങിയ വമ്പൻ ലക്ഷ്യങ്ങളാണ് മോദി പ്രചരിപ്പിച്ചു നടന്നത്. കഷ്ടപ്പാടും തൊഴിലില്ലായ്മയും പെരുകുകയും മൊത്ത ആഭ്യന്തര ഉൽപാദനം ഇടിയുകയുമാണ് യഥാർഥത്തിൽ സംഭവിച്ചത്. നടപ്പാക്കാത്ത വാഗ്ദാനങ്ങളുടെയും കുറെയേറെ നുണകളുടെയും വലിയ പട്ടികയാണ് മോദി സർക്കാറിെൻറ ബാക്കിപത്രം. പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് അർഥവും വിലയുമില്ലാതായി. അദ്ദേഹം നുണയാണ് പറയുന്നത്.
റഫാൽ പോർവിമാന ഇടപാടിലെ അഴിമതിയും ഇതിനകം പുറത്തു വന്നുകഴിഞ്ഞിട്ടുണ്ടെന്ന് രാഹുൽ പറഞ്ഞു. സംയുക്ത പാർലെമൻററി സമിതി അന്വേഷണത്തിൽനിന്ന് സർക്കാർ ഒഴിഞ്ഞുമാറുന്നു. ഇടപാടു കൊണ്ട് അനിൽ അംബാനിക്ക് ഗുണമുണ്ടായി. 45,000 കോടി രൂപയുടെ കടമുണ്ടായിരുന്ന അനിൽ അംബാനി, റഫാൽ കരാറിനു 10 ദിവസം മുമ്പു മാത്രം ഒരു കമ്പനിയുണ്ടാക്കി. വിമാനമുണ്ടാക്കി പരിചയമൊന്നുമില്ലാത്ത ആ കമ്പനി റഫാൽ ഇടപാടിൽനിന്ന് നേട്ടമുണ്ടാക്കുന്നു. അനിൽ അംബാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഇടപാട് എന്താണെന്ന് രാഹുൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.