നോട്ട് അസാധുവാക്കല്‍: ജനങ്ങൾ ദുരിതത്തിലായി; തുറന്നുസമ്മതിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
text_fieldsന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതുവഴി ജനങ്ങള്‍ക്ക് പ്രയാസമുണ്ടായെന്ന് പാര്‍ലമെന്‍റിന്‍െറ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയില്‍ (പി.എ.സി) റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ തുറന്നുസമ്മതിച്ചു. സാധാരണക്കാര്‍ പലവിധ പ്രശ്നങ്ങള്‍ അനുഭവിച്ചു. വിവാഹം മാറ്റിവെക്കേണ്ട സ്ഥിതിയുണ്ടായി. നിരവധി പേര്‍ മരിച്ചതും വേദനജനകമാണ്. എന്നാല്‍, നോട്ട് അസാധുവാക്കിയതുകൊണ്ട് ദീര്‍ഘകാല പ്രയോജനം ഉണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഡിജിറ്റല്‍ പണമിടപാടിന് ഈടാക്കുന്ന സര്‍വിസ് ചാര്‍ജ് കുറക്കുന്നതിന് സംവിധാനം രൂപപ്പെടുത്തും. ബാങ്കിങ് സംവിധാനം കുറച്ചുകാലത്തിനുശേഷം സാധാരണനിലയിലേക്ക് തിരിച്ചുവരും. എന്നാല്‍, അതിന് എത്ര സമയം വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞില്ല.
കഴിഞ്ഞദിവസം ധനകാര്യ പാര്‍ലമെന്‍റ് സ്ഥിരം സമിതി മുമ്പാകെ ഹാജരായതിനു പിന്നാലെയാണ് ഗവര്‍ണര്‍ പി.എ.സിയുടെ നിര്‍ദേശപ്രകാരം വിശദീകരണം നല്‍കാന്‍ എത്തിയത്. നോട്ട് അസാധുവാക്കാന്‍ ആരാണ് തീരുമാനം എടുത്തത്, എത്രത്തോളം അസാധു നോട്ട് തിരിച്ചത്തെി, ഇന്ത്യയെ സമ്പൂര്‍ണ നോട്ടുരഹിത കറന്‍സി സംവിധാനത്തിലേക്ക് മാറ്റുക പ്രായോഗികമാണോ, പ്രവാസി ഇന്ത്യക്കാരുടെയും വിദേശ രാജ്യങ്ങളുടെയും പക്കലുള്ള നോട്ടുകളുടെ കൈമാറ്റം എങ്ങനെ സുഗമമാക്കും തുടങ്ങി സുപ്രധാന വിഷയങ്ങളിലൊന്നും മറുപടി ഉണ്ടായില്ല.
കെ.വി. തോമസ് അധ്യക്ഷനായ പി.എ.സി മറുപടി നല്‍കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് 15 ദിവസത്തെ സാവകാശം നല്‍കി. ഫെബ്രുവരി 10ന് പി.എ.സി വീണ്ടും യോഗം ചേരുമ്പോള്‍ കേന്ദ്രബാങ്കിന്‍െറ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മറുപടി നല്‍കും. തുടര്‍ന്ന് ഗവര്‍ണറെ വീണ്ടും വിളിപ്പിക്കും. പി.എ.സിയില്‍ ഭരണകക്ഷിയായ ബി.ജെ.പിക്കാണ് ഭൂരിപക്ഷം.
നോട്ട് അസാധുവാക്കിയപ്പോള്‍ നിയമവശങ്ങള്‍ പരിശോധിച്ചില്ളെന്ന സംശയം പി.എ.സി പ്രകടിപ്പിച്ചു. വ്യക്തികളുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാവുമോ എന്ന കാര്യം പരിശോധിച്ചുവോ എന്നതും സംശയം. നൂറോളം പേരുടെ മരണത്തിനുവരെ ഇടയാക്കിയ തീരുമാനം എടുത്തപ്പോള്‍ പാവപ്പെട്ടവരെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചതായി തോന്നുന്നില്ല. പലവട്ടം റിസര്‍വ് ബാങ്കിന് തീരുമാനങ്ങള്‍ തിരുത്തേണ്ടിവന്നു.
നേട്ടമെന്താണ്? നിഷ്ക്രിയ ആസ്തി കുറക്കാന്‍ സാധിച്ചിട്ടുണ്ടോ? കള്ളപ്പണവും കള്ളനോട്ടുമൊക്കെ കുറക്കാന്‍ എത്രത്തോളം കഴിഞ്ഞു? സഹകരണബാങ്കുകളില്‍ അസാധു നോട്ട് സ്വീകരിക്കാന്‍ പാടില്ളെന്ന നിര്‍ദേശത്തിന്‍െറ യുക്തി എന്താണ്? എന്നിവയും റിസര്‍വ് ബാങ്കിനുള്ള ചോദ്യാവലിയില്‍ പി.എ.സി ഉന്നയിച്ചിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടി ഉന്നയിച്ച പ്ളാസ്റ്റിക് നോട്ട് അച്ചടി ആരോപണവും കടന്നുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.