നോട്ടുനിരോധന കാലത്തെ കച്ചവട വരുമാനം ആവശ്യപ്പെട്ട് സ്വർണ വ്യാപാരികൾക്ക് നോട്ടീസ്
text_fieldsമുംബൈ: വരുമാനം നിലച്ചതോടെ 50,000 കോടി രൂപയോളം സമാഹരിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ സ്വർണ, രത്ന വ്യാപാരികള്‍ക്ക് നികുതി വിഭാഗത്തിെൻറ നോട്ടീസ്. 2016 നവംബര്‍ എട്ടിലെ നോട്ട് നിരോധന ശേഷം നടന്ന കച്ചവടത്തിലെ മുഴുവന്‍ വരുമാനവും കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടാണ് മുംബൈ അടക്കം വിവിധ നഗരങ്ങളിലെ 15,000ത്തോളം വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയത്. കള്ളപ്പണമായി കരുതിവെച്ച നിരോധിത 500, 1000 നോട്ടുകള്‍ ഉപയോഗിച്ചാണ് ആളുകള്‍ ആഭരണങ്ങള്‍ വാങ്ങിക്കൂട്ടിയതെന്ന് ആരോപിച്ചാണ് നീക്കം. അന്നത്തെ ഇടപാടുകൾ അന്വേഷിക്കുന്നതിെൻറ ഭാഗമായാണിത്.
നോട്ടീസിനെതിരെ വ്യാപാരികള്‍ അപ്പീല്‍ നല്‍കിയെങ്കിലും അന്നത്തെ വരുമാനത്തിെൻറ 20 ശതമാനം കെട്ടിവെക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതോടെ വ്യാപാരികള്‍ ആശങ്കയിലാണ്. 20 ശതമാനം കെട്ടിവെക്കുന്നത് നിലവിലെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ജ്വല്ലേഴ്സ് അസോസിയേഷന് സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു. കടമെടുത്ത് കച്ചവടം ചെയ്യേണ്ട അവസ്ഥയാണ്. എന്നാല്‍, കേസിെൻറ അന്തിമ വിധി വ്യാപാരികള്‍ക്ക് എതിരാകുമോ എന്ന ഭീതിയില്‍ കടം നല്കാന് സാമ്പത്തിക സ്ഥാപനങ്ങള്‍ മടിക്കുമെന്നും അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. കേസ് പരാജയപ്പെട്ടാല്‍ വ്യവസായം എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടിവരുമെന്ന് നോട്ടീസ് ലഭിച്ച മുംബൈയിലെ വ്യാപാരി ജെയിന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.