നോട്ടുനിരോധനം: ആർ.ബി.െഎ അംഗീകാരം സർക്കാർ വാദം തള്ളിയ ശേഷം
text_fieldsന്യൂഡൽഹി: മുന്തിയനോട്ടുകൾ നിരോധിക്കാനുള്ള തീരുമാനത്തിന് റിസർവ് ബാങ്ക് അംഗീകാരം നൽകിയത് സർക്കാർ നിരത്തിയ ന്യായങ്ങൾ തള്ളിയശേഷമാണെന്ന് ഒൗദ്യോഗിക രേഖകൾ. നോട്ടുനിരോധനം പ്രഖ്യാപിച്ച 2016 നവംബർ എട്ടിന് വൈകുന്നേരം 5.30ന് തിരക്കിട്ട്ചേർന്ന ആർ.ബി.െഎ കേന്ദ്രബോർഡ് യോഗത്തിെൻറ മിനുട്സാണ് സർക്കാർ വാദം കേന്ദ്രബാങ്ക് തള്ളിയിരുന്നതായി വ്യക്തമാക്കുന്നത്. 2016 നവംബർ ഏഴിന് ധനമന്ത്രാലയത്തിൽനിന്നും നോട്ട്നിരോധനം സംബന്ധിച്ച് കരട് നിർദേശം ലഭിച്ചതിനെ തുടർന്നായിരുന്നു ആർ.ബി.െഎ യോഗം.
കള്ളപ്പണവും വ്യാജനോട്ടുകളും നിയന്ത്രിക്കുക എന്നതായിരുന്നു നോട്ടുനിരോധനത്തിന് സർക്കാർ നിരത്തിയ ന്യായങ്ങൾ. എന്നാൽ, ഇതിനെതിരെ ആറ് എതിർവാദങ്ങൾ ആർ.ബി.െഎ ബോർഡ് ഉയർത്തിക്കാട്ടി. ഇവ നിർണായക നിരീക്ഷണങ്ങൾ എന്ന തലക്കെട്ടിനുകീഴിലാണ് 2016 ഡിസംബർ 15ന് ഉർജിത് പേട്ടൽ ഒപ്പുവെച്ച മിനുട്സ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിരോധനത്തിലൂടെ കള്ളപ്പണം നിയന്ത്രിക്കാമെന്ന സർക്കാർ വാദം ആർ.ബി.െഎ തള്ളിയതിങ്ങനെ: കള്ളപ്പണം മിക്കതും പണരൂപത്തിലല്ല സൂക്ഷിച്ചിരിക്കുന്നത്. റിയൽ എസ്റ്റേറ്റ്, സ്വർണം എന്നീ രൂപത്തിലാണ് അവയുള്ളത്. നോട്ടുനിരോധനത്തിലൂടെ അത്തരം ആസ്തികൾ തിരിച്ചുപിടിക്കുക സാധ്യമല്ല.1000, 500 നോട്ടുകളുടെ ആകത്തുകയിൽ 400 കോടി രൂപയുടെ വ്യാജനോട്ടുകളുള്ളതായാണ് ധനമന്ത്രാലയം ചൂണ്ടിക്കാട്ടിയത്. വ്യാജനോട്ടുകൾ ഒരു പ്രശ്നമാണെങ്കിലും 400 കോടി എന്നത് ആകത്തുകയുടെ ഗണ്യമായ ഒരു സംഖ്യയല്ലെന്നായിരുന്നു ബോർഡിെൻറ പ്രതികരണം.
നിരോധനം രാജ്യത്തിെൻറ ആഭ്യന്തര മൊത്ത ഉൽപാദനത്തിന് ക്ഷീണമുണ്ടാക്കുമെന്നും പ്രസ്തുത യോഗത്തിൽ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്ക് അനുസൃതമായി ഉയർന്ന മൂല്യമുള്ള നോട്ടുകൾ പ്രചാരത്തിലില്ലെന്നായിരുന്നു മന്ത്രാലയത്തിെൻറ മറ്റൊരുവാദം. എന്നാൽ, പണപ്പെരുപ്പം കണക്കിലെടുക്കാതെയാണ് മന്ത്രാലയം ഇൗ നിഗമനത്തിലെത്തിയതെന്ന് ആർ.ബി.െഎ ചൂണ്ടിക്കാട്ടി. നിരോധനം മൂലം വിദേശ വിനോദസഞ്ചാരികൾക്കും ദീർഘദൂരയാത്രക്കാർക്കുമുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളും ബോർഡ് നൽകി. നോട്ടുകൾ പിൻവലിക്കാനുള്ള പ്രമേയത്തോടൊപ്പമാണ് മിനുട്സ് പാസാക്കിയിരിക്കുന്നത്. വിശദമായ ചർച്ചകൾക്കുശേഷം വിശാല പൊതുതാൽപര്യം മാനിച്ച് നോട്ട്നിരോധനം ഗുണം ചെയ്യുമെന്ന നിഗമനത്തിൽ ബോർഡ് ഒടുവിൽ എത്തിച്ചേരുകയായിരുന്നുവെന്നും മിനുട്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.