ഹസൻ നസ്റുല്ലയുടെ വധത്തിൽ പ്രതിഷേധിച്ച് ജമ്മു കശ്മീരിൽ പ്രകടനം
text_fieldsബാരാമുല്ല: ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ലയെ ഇസ്രായേൽ വധിച്ചതിൽ ജമ്മു കശ്മീരിൽ പ്രതിഷേധ പ്രകടനം. അമേരിക്കക്കും ഇസ്രായേലിനും എതിരെ മുദ്രാവാക്യം വിളിച്ചാണ് വടക്കൻ കശ്മീരിലെ ബാരാമുല്ലയിൽ സ്ത്രീകൾ തെരുവിലിറങ്ങിയത്. ബാരാമുല്ല ജില്ലയിലെ ഹഞ്ച് വീര, പത്താൻ എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്.
ഷിയാ വിഭാഗത്തിന് സ്വാധീനമുള്ള ബാരാമുല്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട പ്രചാരണത്തിന്‍റെ അവസാന ദിവസമാണ് ഇന്ന്. ബാരാമുല്ല അടക്കമുള്ള സ്ഥലങ്ങളിൽ കൊട്ടിക്കലാശം നടക്കാനിരിക്കെയാണ് നസ്റുല്ല വധത്തിൽ ആളുകൾ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചത്.
അതേസമയം, നസ്റുല്ല വധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി പ്രഖ്യാപിച്ചു. ഹസൻ നസ്റുല്ല രക്തസാക്ഷിയാണെന്ന് എക്സിലെ പോസ്റ്റിൽ മെഹബൂബ വ്യക്തമാക്കി.
ഹസൻ നസറുല്ല അടക്കം ലബനാനിലും ഗസ്സയിലും രക്തസാക്ഷിയായവർക്ക് ഐക്യദാർഢ്യം അർപ്പിച്ച് ഞായറാഴ്ചത്തെ പ്രചാരണ പ്രവർത്തനങ്ങൾ നിർത്തിവെക്കുകയാണെന്ന് മെഹബൂബ മുഹ്തി അറിയിച്ചു. ഫലസ്തീനിലെയും ലബനാനിലെയും ജനങ്ങൾക്കൊപ്പം നിൽക്കുകയാണ്. അഗാധ ദുഃഖത്തിന്റെയും മാതൃകപരമായ പ്രതിരോധത്തിന്റെയും മണിക്കൂറിലാണ് ലബനാനെന്നും മുഫ്തി എക്സിൽ കുറിച്ചു.
ലബനീസ് തലസ്ഥാനമായ ബൈറൂത്തിന് തെക്ക് ദഹിയയിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസൻ നസ്റുല്ല കൊല്ലപ്പെട്ടത്. ഇക്കാര്യം ഹിസ്ബുല്ല നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തു. 64കാരനായ നസ്റുല്ലയുടെ മരണത്തിൽ ശക്തമായി തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.