ഹിജാബിന്റെ മറവിൽ വിദ്യാഭ്യാസ നിഷേധം; വിഭജനത്തിന്റെ പുതു അജണ്ടകളുമായി സംഘപരിവാർ കുബുദ്ധികൾ
text_fieldsകർണ്ണാടകയിൽ ഹിജാബ് ധരിക്കുന്നത് തടയുന്നതിനെതിരെ 'ഐ ലൗവ് ഹിജാബ്' എന്ന പേരിൽ പ്രതിഷേധ കാമ്പയിനുമായി വിദ്യാർഥികൾ രംഗത്ത് എത്തിയിരിക്കുകയാണ്. ഹിജാബ് ധരിച്ചതിൻറെ പേരിൽ കോളേജിന് പുറത്ത് തടയപ്പെട്ട പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മൈസൂരു ജില്ലയിലെ വിദ്യാർഥികൾ കാമ്പയിൻ ആരംഭിച്ചത്. പതിറ്റാണ്ടുകളായി മുസ്ലിം പെൺകുട്ടികൾ നിശ്ചയിക്കപ്പെട്ട കോളേജ് യൂണിഫോമിന്റെ കൂടെ ഹിജാബ് ധരിച്ച് വിവിധ തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തിയിരുന്നു.
മുസ്ലിം സ്ത്രീകളുടെ മതപരമായ വിശ്വാസത്തിൻറെ ഭാഗമായ ഹിജാബ് നീക്കം ചെയ്തതിന് ശേഷം മാത്രമേ ക്ലാസ് മുറിയിൽ പ്രവേശിപ്പിക്കൂ എന്ന് കോളേജ് അധികൃതർ നിർബന്ധം പിടിച്ചതോടെ വിഷയത്തിലെ മതം ഉയർത്തിപ്പിടിച്ച് ബി.ജെ.പി സർക്കാർ പരസ്യ പോരിനിറങ്ങിയിരിക്കുകയാണ്. ഹിജാബ് ധരിക്കുന്നതിൽ മതപരമായ വശം കണ്ടെത്തിയ സർക്കാർ, 'താലിബാനൈസേഷനെ' ശക്തമായി എതിർക്കുമെന്ന് പ്രഖ്യാപിക്കുകയും, വിഷയത്തിൽ സമരം ചെയ്തുവരുന്ന പെൺകുട്ടികൾക്ക് അവർ ഹിജാബ് നീക്കം ചെയ്യുന്നതുവരെ വിദ്യാഭ്യാസം ലഭിക്കില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജനാധിപത്യപരമായ ആചാര അനുഷ്ടാനത്തിന് ഭരണഘടന അനുവദിക്കുന്ന രാജ്യത്ത് തങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഏതറ്റം വരെയും പോകുമെന്ന ഉറച്ച നിലപാടിലാണ് വിദ്യാർഥികൾ.
ബി.ജെ.പി നേതാക്കളുടെയും, മന്ത്രിമാരുടെയും പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത് വിദ്യാർഥികളുടെ വസ്ത്രമല്ല മറിച്ച് മതമാണ് അവരെ അലട്ടുന്ന വിഷയമെന്നാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കാനായി നിശ്ചിത സിലബലസ്സുണ്ടെന്നും, മതം പഠിപ്പിക്കാനായി ആരും ക്ലാസ് മുറിയിലേക്കെത്തേണ്ട എന്ന തരത്തിലുള്ള കർണാടക വിദ്യാഭ്യാസ മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ പ്രസ്താവന വിഷയത്തിൽ ഉടനടി പരിഹാരം ഉണ്ടാകാൻ പോകുന്നില്ലെന്ന സൂചനയാണ് നൽകുന്നത്.കാവി നിറത്തിലുള്ള ഷാളുകൾ ധരിച്ച് ഒരു സംഘം വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധം ഹിജാബിൻറെ പേരിലെ സർക്കാർ തീരുമാനത്തെ ന്യായീകരിക്കാനുള്ള ശ്രമം മാത്രമാണ്.
ഹിജാബ് വിഷയത്തിലെ മറുവശം
ഹിജാബിനെതിരെ ക്ലാസ് മുറിയിൽ കൈകോർക്കുന്നവർ മറ്റ് വിദ്യാർഥികൾ ഉപയോഗിക്കുന്ന മത ചിഹ്നങ്ങളായ ബിന്ദി, രാഗി, കുരിശ്, സിഖ് മതസ്തരുടെ തലപ്പാവ് എന്നിവയെ നിരുപദ്രവകരമായി സാമാന്യവൽക്കരിക്കുകയാണ്. ഇവർ ഹിജാബിനെ മാത്രം വേർതിരിച്ചെടുക്കുകയും മതപരവും വിചിത്രവുമായി കണക്കാക്കുകയും ചെയ്യുകയാണ്.
'എല്ലാവർക്കും ഇഷ്ടമുള്ളത് ധരിക്കാമെന്നത് ഇന്ത്യയുടെ ശക്തിയാണ്. ഹിജാബ് ധരിക്കാൻ അനുവാദമില്ലെങ്കിൽ സിഖുകാരുടെ തലപ്പാവോ?, ഹിന്ദുവിൻറെ നെറ്റിയിലെ കുറിയോ?, കൃസ്റ്റ്യാനികളുടെ കുരിശോ? കുട്ടികൾ പഠിക്കട്ടെ, അവർ തീരുമാനിക്കട്ടെ'-വിഷയത്തിൽ പ്രതികരിച്ച് ശശി തരൂർ ട്വീറ്റ് ചെയ്തു.
സംസ്ഥാനത്ത് കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് വന്നതോടെ കൂടുതൽപേർ പ്രതിഷേധവുമായി രംഗത്തുവന്നു. വിദ്യാർഥികളുടെ മൗലികാവകാശത്തെ നിഷേധിക്കുകയാണെന്ന് പറഞ്ഞ് കർണാടക മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ വിദ്യാർഥികളുടെ പഠിക്കാനുള്ള അവകാശത്തെ സർക്കാർ ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി.
വിഷയം മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിച്ചതോടെ സംഭവം വിവാദമായെങ്കിലും ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അടുത്തയാഴ്ച്ച പുറത്തുവരുന്നതുവരെ നിലവിലെ ചട്ടങ്ങൾ പിൻതുടരാൻ കർണാടക മുഖ്യമന്ത്രി ബൊമ്മൈ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് അഭ്യർഥിച്ചു.
ക്ലാസിൽ പങ്കെടുക്കണമെങ്കിൽ ഹിജാബ് നീക്കം ചെയ്യണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർബന്ധം പിടിക്കുന്നത് തന്റെ മൗലികാവകാശത്തിൻറെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിദ്യാർഥിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് എങ്ങനെ ഇത്തരമൊരു വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാനാകും. ഇവർക്ക് പിന്നിലെ ശക്തികളാരാണ്? ഹർജിയുമായി കോടതിയെ സമീപിച്ച പെൺകുട്ടിയുടെ നീക്കത്തെ കർണാടക വൈദ്യുത മന്ത്രിയും, സാംസ്കാരിക മന്ത്രിയുമായ വി.സുനിൽകുമാർ ചോദ്യം ചെയ്യുന്നത് ഇങ്ങിനെയാണ്.
ആരാണ് വിഷയത്തെ വർഗീയവൽക്കരിക്കുന്നത്?
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വിഷയത്തിൽ അദ്ദേഹത്തിൻറെ ആശങ്ക പ്രകടിപ്പിച്ച് മുന്നോട്ട് വന്നു. ഹിജാബിൻറെ പേരിൽ ക്ലാസ് മുറിയിൽ പ്രവേശനം നിഷേധിക്കുന്നതിലൂടെ രാജ്യത്തെ പെൺകുട്ടികളുടെ ഭാവി കവർന്നെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും, സരസ്വതി ദേവി എല്ലാവർക്കും വിദ്യാഭ്യാസം നൽകുന്നവളാണെന്നും, അവൾ ആരേയും വേർതിരിച്ച് കാണുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാഹുൽ വിഷയം വർഗീയവൽക്കരിക്കുകയാണെന്ന് കർണാട ബി.ജെ.പി ആരോപിക്കുന്നു.
വിദ്യാഭ്യാസത്തെ വർഗീയവൽക്കരിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രതികരണത്തിലൂടെ അദ്ദേഹം ഇന്ത്യയുടെ ഭാവിക്ക് എത്രത്തോളം അപകടകാരിയെന്ന് വീണ്ടും തെളിയിച്ചെന്നും, ഹിജാബ് ധരിക്കുന്നത് വിദ്യാഭ്യാസത്തിൽ അനിവാര്യമാണെങ്കിൽ എന്ത് കൊണ്ട് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അദ്ദേഹം അത് നടപ്പിലാക്കുന്നില്ലെന്നും ബി.ജെ.പി ട്വീറ്റ് ചെയ്തു.
വിഷയത്തിൽ മതം കലർത്തിയതാരാണെന്നും, മതപരമായ പ്രശ്നമായി ഇതിനെ ഉയർത്തിക്കാണിക്കാൻ ആരാണ് ആഗ്രഹിക്കുന്നതെന്നും ഹിജാബ് വിഷയത്തിൽ കർണാടക സർക്കാരും ബി.ജെ.പി നേതാക്കളും നടത്തിയ പ്രസ്താവനയിൽ നിന്ന് വ്യക്തമാണ്.
പതിറ്റാണ്ടുകളായി സുഗമമായി നടന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സംവിധാനത്തെ മുസ്ലിങ്ങൾ മറികടക്കുന്നതായി വരുത്തിതീർത്ത് സർക്കാരിൻറെ വീഴ്ചകൾ മറച്ചുവെക്കാനും, പുകയുന്ന പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുമുള്ള രാഷ്ട്രീയ നീക്കത്തിൻറെ ഭാഗമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.